ബസ് നിരക്ക് വര്‍ധനവടക്കം ഉന്നയിച്ച് ബസുടമകള്‍; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം, സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ പ്രതിഷേധം തുടരാന്‍ ബസുടമകളുടെ തീരുമാനം

 
bus


തിരുവനന്തപുരം: സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടുപേര്‍ വീതം പങ്കാളികളാകുന്ന രീതിയിലാണ് നിരാഹാര സമരം നടത്തുകയെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. പ്രസിഡന്റ് കെ. കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവര്‍ നിരാഹാരമനുഷ്ഠിക്കും.

സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചുള്ള സമരത്തിലേക്ക് കടന്നാല്‍ അത് പൊതുജനങ്ങളെയും സാധാരണക്കാരായ യാത്രക്കാരെയും ദുരിതത്തിലാക്കുമെന്നതിനാലാണ് ആദ്യഘട്ടത്തില്‍ നിരാഹാര സമരം തെരഞ്ഞെടുത്തതെന്ന് സംഘടന വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബസുടമകളുടെ തീരുമാനം.


വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉള്‍പ്പെടെയുള്ള യാത്രാനിരക്കുകള്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കുക, പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ക്ക് പ്രത്യേക സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കൂടാതെ, പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കുക, ആര്‍.ടി ഓഫിസുകളില്‍ നിന്നുള്ള സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഫെഡറേഷന്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്.

Tags

Share this story

From Around the Web