ബസ് കിട്ടിയില്ല, മീറ്റിങ് മുടങ്ങി; സ്വകാര്യ ബസ് കമ്പനിക്ക് വന്‍ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍, കൃത്യസമയത്ത് പിക്കപ്പ് പോയിന്റില്‍ എത്തിയിട്ടും ബസോ ജീവനക്കാരോ സ്ഥലത്തുണ്ടായിരുന്നില്ല
ബംഗളൂരു: ബസ് ജീവനക്കാരുടെ അനാസ്ഥകാരണം യാത്ര മുടങ്ങിയ യാത്രികന് 14,725 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം കൃത്യസമയത്ത് ഓഫിസിലെത്താനും മീറ്റിംഗില്‍ പങ്കെടുക്കാനും കഴിയാതെ വന്ന യാത്രക്കാരന് അനുകൂലമായാണ് ബല്ലാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി.
എന്‍.അനുദീപിന്റെ പരാതിയിലാണ് ഇടപെടല്‍. മാര്‍ച്ച് 21 ന് ബല്ലാരിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം അനുദീപ് ഹൈദരാബാദിലേക്ക് പോകാന്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
കൃത്യസമയത്ത് പിക്കപ്പ് പോയിന്റില്‍ എത്തിയിട്ടും ബസോ ജീവനക്കാരോ അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചില്ല. പിന്നീട് അനുദീപിനെയും മാതാപിതാക്കളെയും അധിക്ഷേപിക്കുകയും ചെയ്തു.
ട്രാവല്‍ ഏജന്‍സിക്ക് ലീഗല്‍ നോട്ടീസ് അയച്ചെങ്കിലും കമ്പനി പ്രതികരിക്കുകയോ കമ്മീഷന്‍ നടപടികളില്‍ പങ്കെടുക്കുകയോ ചെയ്തില്ല. തുടര്‍ന്ന് പരാതിക്കാരന്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു.
ശരിയായ സേവനങ്ങള്‍ നല്‍കാത്തപ്പോള്‍ ടിക്കറ്റ് തുക തിരികെ നല്‍കേണ്ടത് ഏജന്‍സിയുടെ കടമയാണെന്നും, അവധി ദിവസങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പതിവാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ടിക്കറ്റ് നിരക്കായ 1725 രൂപയും, സേവനത്തിലെ വീഴ്ചക്കും ഉപഭോക്താവിനുണ്ടായ മാനസിക വേദനയ്ക്കും 10000 രൂപയും കോടതി ചെലവുകള്‍ക്കായി 3000 രൂപയും ഉള്‍പ്പെടെ ആകെ 14725 രൂപയാണ് ഒക്ടോബര്‍ 13 ലെ ഉത്തരവ് പ്രകാരം കമ്പനി നല്‍കേണ്ടത്. ഉത്തരവ് തീയതി മുതല്‍ 45 ദിവസത്തിനകം തുക നല്‍കണമെന്നും, വീഴ്ച വരുത്തിയാല്‍ പ്രതിവര്‍ഷം ആറ് ശതമാനം പലിശയും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.