ബസ് ഇരുചക്രവാഹനത്തിലിടിച്ചു, യുവാവും യുവതിയും നടുറോഡില്‍ ബസ് തടഞ്ഞു; ഇരുകൂട്ടര്‍ക്കുമെതിരെ കേസ്

 
wahabiya



കൊച്ചി: അമിതവേഗത്തില്‍ ഹോണടിച്ചെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു. സംഭവ ശേഷം ബസ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചത് യുവാവും കുടുംബ സുഹൃത്തായ യുവതിയും ചേര്‍ന്ന് തടഞ്ഞു. നടുറോഡില്‍ ബസ് തടഞ്ഞതോടെ ഗതാഗതക്കുരുക്കായി. ഇതോടെ പോലീസെത്തി യുവതിയെയും യുവാവിനെയും മാറ്റി.

ബുധനാഴ്ച രാവിലെ 9.30-ന് ഇടപ്പള്ളി ജങ്ഷന് സമീപമാണ് സംഭവം. കളമശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്ക് ഇരുചക്രവാഹനത്തില്‍ വരുകയായിരുന്നു മുഹമ്മദ് റിസ്വാന്‍ എന്ന യുവാവ്. പിന്നാലെയെത്തിയ ബസ് പല തവണ പേടിപ്പിക്കുന്ന രീതിയില്‍ ഹോണ്‍ മുഴക്കിയശേഷം പിന്നില്‍ വന്ന് ഇടിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് ലൈറ്റ് പൊട്ടിയത് മുഹമ്മദ് റിസ്വാന്‍ ചോദ്യം ചെയ്തു. ഇതോടെ ബസ് ജീവനക്കാരും തട്ടിക്കയറി. അതിനിടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്ത് വീണുകിടന്ന ബൈക്കിനെ നിരക്കിക്കൊണ്ടുപോകുകയും ചെയ്തു.

ഈ സമയം മറ്റൊരു ഇരുചക്രവാഹനത്തില്‍ വന്ന റിസ്വാന്റെ കുടുംബ സുഹൃത്തായ ആശ എന്ന യുവതിയാണ് ബസ് തടഞ്ഞത്. യുവതി ബസിനു മുന്നില്‍ കയറി നിന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. പിന്നീട് പോലീസെത്തിയാണ് ഇവരെ മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് തേവര റൂട്ടിലോടുന്ന 'വഹ്ബിയ' ബസിനെതിരേയും വഴി തടഞ്ഞതിന് യുവാവിനും യുവതിക്കുമെതിരേയും കേസെടുത്തതായി കളമശ്ശേരി പോലീസ് വ്യക്തമാക്കി. ബസ് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.

Tags

Share this story

From Around the Web