ടാറിന് പൊള്ളുന്ന വില; ടണ്ണിന് 1.37 ലക്ഷം; റോഡ് പണി സ്തംഭനത്തിലേക്ക്. മുമ്പ് ടണ്ണിന് 75,000 രൂപയുണ്ടായിരുന്ന ടാറിന്റെ വില ഇപ്പോള്‍ 1,37,000 രൂപയാണ്.

 
TAR

കൊച്ചി: ടാറിന് വില കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റോഡ് നിര്‍മാണങ്ങളും അറ്റകുറ്റപ്പണികളും സ്തംഭനാവസ്ഥയിലേക്ക്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് പെട്രോളിയം ഉല്‍പ്പന്നമായ ടാറിന്റെ വില ഇരട്ടിയലധികം വര്‍ധിച്ചതാണ് നിര്‍മാണ കരാറുകാരെ പ്രതിസന്ധിയിലാക്കിയത്.


മുമ്പ് ടണ്ണിന് 75,000 രൂപയുണ്ടായിരുന്ന ടാറിന്റെ വില ഇപ്പോള്‍ 1,37,000 രൂപയാണ്. ബിറ്റുമിന്‍ ഉല്‍പ്പന്നങ്ങളുടെ വില മൂന്നിരട്ടിയോളം വര്‍ധിച്ചതോടെ റോഡ് നിര്‍മാണം ചെലവേറിയതായി. നേരത്തെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയ റോഡുകള്‍ പോലും നിര്‍മാണം നടത്താനാകാത്ത സ്ഥിതിയാണ്. നിലവിലെ നിരക്കില്‍ കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. വില വര്‍ധനയ്ക്കനുസരിച്ച് ടെന്‍ഡര്‍ നിരക്ക് പരിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കരാറുകാര്‍ക്ക് അധിക ചെലവ് നല്‍കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് മുമ്പ് പിഡബ്ല്യുഡി മാനുവലിലെ അപാകതകള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. 

എന്നാല്‍ ഈ തീരുമാനം നടപ്പാകുമോയെന്ന സംശയത്തിലാണ് കരാറുകാരുടെ സംഘടന. കേരളത്തിലെ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതും നിര്‍മാണ സാമഗ്രികളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാനും സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടി വരും.

Tags

Share this story

From Around the Web