സ്വകാര്യ മേഖലയിലെ പെൻഷൻകാർക്ക് ബംപർ ലോട്ടറി! മിനിമം പെൻഷൻ 5,000 രൂപയാക്കാൻ ഇപിഎഫ്ഒ
സ്വകാര്യ മേഖലയിലെ ദശലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. നിലവിലെ മിനിമം പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനവ് വരുത്താന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) ഒരുങ്ങുന്നു. പ്രതിമാസ പെന്‍ഷന്‍ തുക 1,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്താനാണ് ആലോചന നടക്കുന്നത്. പണപ്പെരുപ്പവും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം.
വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന ജീവനക്കാരുടെ യൂണിയനുകളുടെയും പെന്‍ഷന്‍ സംഘടനകളുടെയും ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലോ പ്രധാന നയപരമായ ചര്‍ച്ചകളിലോ ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാം.
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം 10 വര്‍ഷമെങ്കിലും സേവന കാലാവധിയുള്ളവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. നിലവില്‍ 58 വയസ്സിന് ശേഷം വിരമിച്ചവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ പെന്‍ഷന്‍ തുക 1,000 രൂപയാണ്. ഇതിലാണ് അഞ്ചിരട്ടി വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇപിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള വേതന പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് നാല് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇത് നടപ്പിലായാല്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇപിഎഫ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും.