ബി എസ് എന് എല് 4 ജി പിഴച്ചു; രാജ്യവ്യാപകമായി സാങ്കേതികപ്പിഴവ്, മിണ്ടാട്ടമില്ലാതെ ടിസിഎസ്
ന്യൂഡല്ഹി: ബിഎസ്എന്എല് 4ജി നടപ്പാക്കിയതില് രാജ്യവ്യാപകമായി സാങ്കേതികപ്പിഴവ്.
ടിസിഎസ് സ്ഥാപിച്ച ആന്റിനകള്ക്ക് വേണ്ടത്ര പ്രസരണശേഷിയില്ലെന്ന് വിവിധ ട്രായ് പരിശോധനകളില് തെളിഞ്ഞു. കോള് ഡ്രോപ്, കോള് നിശബ്ദമാകല്, കോള് കട്ടാകല് തുടങ്ങിയ പ്രശ്നങ്ങള് ഇപ്പോഴും തുടരുകയാണ്.
'സ്വദേശി 4ജി' എന്ന ലേബലില് ടെന്ഡര് ഇല്ലാതെയാണ് ടാറ്റയ്ക്ക് കീഴിലുള്ള ടിസിഎസ്, തേജസ്, സര്ക്കാര് കമ്പനിയായ സി-ഡോട്ട് എന്നിവരടങ്ങുന്ന കണ്സോര്ഷ്യത്തിന് കരാര് നല്കിയത്. ആദ്യഘട്ടത്തില് 1,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. സോഫ്റ്റ്വെയറും ഹാര്ഡ്വെയറും സ്ഥാപിക്കുക എന്നതായിരുന്നു കരാര്.
എന്നാല് ടെലികോം രംഗത്ത് മുന്പരിചയമില്ലാത്ത കമ്പനികള്ക്ക് കരാര് നല്കിയത് പ്രതിസന്ധിക്ക് കാരണമായെന്ന് വിലയിരുത്തല്. ട്രായ് പരിശോധന പ്രകാരം ഓരോ ആന്റിനയ്ക്കും 46 ഡിബിഎം പ്രസരണശേഷിയാണ് വേണ്ടത്. നിലവില് അത് 35 ഡിബിഎമ്മിനും താഴെയാണ്.
കൂടാതെ, ഡാറ്റയും വോയ്സ് കോളുകളും കൈകാര്യം ചെയ്യേണ്ട പുതിയ 'കോര് നെറ്റ്വര്ക്ക്' സ്ഥാപിക്കാന് ടിസിഎസ് തയ്യാറാകാത്തതും പഴകിയ സംവിധാനങ്ങള് തുടരുന്നതും കോള് ഡ്രോപ്പ് ഉള്പ്പെടെയുള്ള പ്രശ്നങ്ങള്ക്ക് കാരണമാകുന്നുണ്ട്.
അതേസമയം, മറ്റ് സ്വകാര്യ ടെലികോം കമ്പനികള് സാംസങ്, നോക്കിയ, ഹുവായ് എന്നീ സ്ഥാപനങ്ങളെയാണ് സേവനങ്ങള്ക്കായി ആശ്രയിക്കാറുള്ളത്.
നിലവില് വിഷയം മനസിലാക്കിയ ബിഎസ്എന്എല് എഞ്ചിനീയര്മാരോടും കേന്ദ്ര സര്ക്കാരിനോടും പ്രശ്നപരിഹാരത്തിനായി സഹായം തേടിയിട്ടുണ്ട്.