ഹെയ്തിയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ക്രൂരമായ സായുധ ആക്രമണം. 47 പേര്‍ കൊല്ലപ്പെട്ടു. ദൈവാലയം അഗ്‌നിക്കിരയാക്കുകയും ചെയ്തു
തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലെ കെന്‍സ്‌കോഫ് മേഖലയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ക്രൂരമായ സായുധ ആക്രമണം. അക്രമത്തില്‍ 5 കുട്ടികളടക്കം 47 പേര്‍ കൊല്ലപ്പെടുകയും, അക്രമികള്‍ ദൈവാലയം അഗ്‌നിക്കിരയാക്കുകയും ചെയ്തു.കഴിഞ്ഞ ഞായറാഴ്ച നടന്ന അക്രമത്തില്‍ 50-ലധികം ആളുകളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. സുരക്ഷാ സേന ആക്രമിച്ചാല്‍ ബന്ദികളെ വധിക്കുമെന്ന് സായുധ സംഘത്തിന്റെ തലവന്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
അക്രമം ഭയന്ന് പള്ളി വളപ്പില്‍ അഭയം പ്രാപിച്ച 22 പേരെ അക്രമികള്‍ വധിക്കുകയായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് സ്ഥിരീകരിച്ചു. അക്രമികള്‍ 25-ഓളം വീടുകള്‍ക്ക് തീയിടുകയും രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ വധിക്കുകയും ചെയ്തതായി കെന്‍സ്‌കോഫ് മേയര്‍ ഷീന്‍ മാസിലണ്‍ വ്യക്തമാക്കി.
രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നുവരുന്നത്. തിന്മകള്‍ക്കെതിരെ നിലകൊള്ളുന്ന ആത്മീയ ശബ്ദമാണ് സഭ എന്നതുകൊണ്ടാണ് അക്രമികള്‍ ക്രൈസ്തവരെ ലക്ഷ്യമിടുന്നതെന്ന് ജെറെമി രൂപതയുടെ ബിഷപ് ജോസഫ് ഗൊണ്‍ട്രാന്റ് ഡീകോസ്റ്റ് പ്രതികരിച്ചു.
അതിക്രമം വര്‍ദ്ധിച്ചതോടെ തലസ്ഥാന നഗരത്തില്‍ മാത്രം നാല്പതോളം ഇടവകകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ ഏഴു മാസത്തിനിടെ രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോവകയും ഒരു സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്തെ 15 ലക്ഷത്തോളം ആളുകളാണ് സായുധ സംഘങ്ങളുടെ ആക്രമണം മൂലം ആഭ്യന്തര അഭയാര്‍ത്ഥികളായി കഴിയുന്നത്.