സാഹോദര്യവും സമാധാനവുമാണ് നമ്മുടെ ലക്ഷ്യം: ലെയോ പാപ്പ
ലെയോ പതിനാലാമൻ മാർപാപ്പ ജൂൺ ആറ് മുതൽ 12 വരെ നടത്തുന്ന സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്ത് അതീവ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും.
മാർപാപ്പയുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 13,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്പാനിഷ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് മാഡ്രിഡിലും പരിസരപ്രദേശങ്ങളിലുമായി ഒരുക്കിയിരിക്കുന്നത്.
മാർപാപ്പ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഷണൽ പൊലീസ്, സിവിൽ ഗാർഡ്, പ്രാദേശിക പൊലീസ് വിഭാഗങ്ങൾ എന്നിവ സംയുക്തമായാണ് സുരക്ഷാചുമതല വഹിക്കുന്നത്. ഡ്രോൺ നിരീക്ഷണം, സ്പെഷ്യൽ സ്ക്വാഡുകൾ, രഹസ്യാന്വേഷണ വിഭാഗം എന്നിവരെ സന്ദർശനസ്ഥലങ്ങളിലുടനീളം വിന്യസിക്കും.
മാർപാപ്പ സഞ്ചരിക്കുന്ന വഴികളിലും പൊതുസമ്മേളന സ്ഥലങ്ങളിലും കടുത്ത ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മെഡിക്കൽ ടീമുകളെയും അഗ്നിശമനസേനയെയും സുസജ്ജമാക്കി നിർത്തിയിട്ടുണ്ട്.
യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് ലെയോ പതിനാലാമൻ മാർപാപ്പ സ്പെയിനിലെത്തുന്നത്. മാർപാപ്പയുടെ സുരക്ഷയ്ക്കായി വത്തിക്കാൻ സുരക്ഷാവിഭാഗവുമായി സഹകരിച്ചാണ് സ്പാനിഷ് പൊലീസ്, പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു അന്താരാഷ്ട്രനേതാവിനെ വരവേൽക്കുന്നതിനു സമാനമായ അതീവജാഗ്രതയാണ് രാജ്യം പുലർത്തുന്നത്.