ദൈവസാന്നിദ്ധ്യത്തിലുള്ള ജീവിതത്തിന്റെ ആനന്ദമാണ് ബ്രദര്‍ ലോറന്‍സ് പഠിപ്പിക്കുന്നത്: ലിയോ പതിനാലാമന്‍ പാപ്പാ
വിശുദ്ധ അഗസ്റ്റിന്റെ പുസ്തകങ്ങള്‍ക്കൊപ്പം ദൈവത്തെ അറിയാനും സ്‌നേഹിക്കാനും തന്നെയുള്‍പ്പെടെ ഏറെപ്പേരെ ബ്രദര്‍ ലോറന്‍സ് എന്ന കര്‍മ്മലീത്താ സന്ന്യസ്തന്റെ 'ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം' എന്ന പുസ്തകം സഹായിച്ചിട്ടുണ്ടെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
ആയിരത്തിഅറുനൂറുകളില്‍ ജീവിച്ചിരുന്ന ബ്രദര്‍ ലോറന്‍സിന്റെ പുസ്തകത്തിന്റെ പുതിയ പ്രതി യില്‍ എഴുതിയ ആമുഖത്തില്‍ അനുദിനം ദൈവസന്നിദ്ധ്യത്തില്‍ ജീവിക്കുന്നതിലെ ആനന്ദമാണ് ബ്രദര്‍ ലോറന്‍സ് പഠിപ്പിക്കുന്നതെന്ന് പരിശുദ്ധ പിതാവ് എഴുതി.
ബ്രദര്‍ ലോറന്‍സ് മുന്നോട്ടുവയ്ക്കുന്ന അദ്ധ്യാത്മികശൈലി ഒരേസമയം എളുപ്പമുള്ളതും, അതേസമയം ബുദ്ധിമുട്ടേറിയതുമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
ഇത് എളുപ്പമുള്ളതാണ്, കാരണം, തുടര്‍ച്ചയായി, ചെറിയ സ്തുതിപ്പുകളാലും, പ്രാര്‍ത്ഥനകളാലും അപേക്ഷകളാലും, അതായത് പ്രവൃത്തികളിലും ചിന്തകളിലും ദൈവത്തെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ കൊണ്ടുനടക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ലോറന്‍സ് മുന്നോട്ട് വയ്ക്കുന്ന ജീവിതശൈലി, പ്രവൃത്തികളുടെ മാത്രമല്ല, നമ്മുടെ മനസ്സിന്റെ ശുദ്ധീകരണവും ഉപേക്ഷയും പരിവര്‍ത്തനവും ആവശ്യപ്പെടുന്നതാണെന്നും, അതുകൊണ്ടുതന്നെ അത് ബുദ്ധിമുട്ടേറിയതാണെന്നും പരിശുദ്ധ പിതാവ് എഴുതി.
ദൈവവുമായുള്ള കണ്ടുമുട്ടലിന്റെയും സംഭാഷണത്തിന്റെയും, പൂര്‍ണ്ണമായ സമര്‍പ്പണത്തിന്റെയും ശൈലിയിലുള്ള ദൈവാനുഭവം ബ്രദര്‍ ലോറന്‍സ് മുന്നോട്ടുവയ്ക്കുമ്പോള്‍, വലിയ അദ്ധ്യാത്മികവ്യക്തിത്വങ്ങളുടെ അനുഭവങ്ങളെയാണ് നമുക്ക് മുന്നില്‍ കൊണ്ടുവരികയെന്ന് അഭിപ്രായപ്പെട്ട പാപ്പാ, അവിലയിലെ വിശുദ്ധ ത്രേസ്യ സാക്ഷ്യപ്പെടുത്തുന്ന ''ദൈവവുമായുള്ള അടുപ്പത്തെക്കുറിച്ച്'' പരാമര്‍ശിച്ചു. അനുദിനജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന ഇത്തരമൊരു ജീവിതശൈലിയിലേക്കാണ് ലോറന്‍സും നമ്മെ ക്ഷണിക്കുന്നത്.
തന്റെ ചെറുപ്പകാലത്തെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാനും, ജീവിതം ദൈവത്തിനായി വ്യയം ചെയ്യാനും ആഗ്രഹിച്ച് സന്ന്യസ്തജീവിതത്തില്‍ പ്രവേശിച്ച ലോറന്‍സ് അവിടെ ആനന്ദം നിറഞ്ഞ ഒരു ജീവിതമാണ് കണ്ടെത്തിയതെന്നും, ഈയൊരര്‍ത്ഥത്തില്‍, താന്‍ 'കബളിക്കപ്പെട്ടുവെന്ന്' പോലും അദ്ദേഹം ചിന്തിച്ചുവെന്നും, തന്റെ വലിയ പ്രവൃത്തികള്‍ പോലും കര്‍ത്താവിന്റെ അനന്തമായ സ്‌നേഹവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറുതാണെന്ന് വളരെ വിനയത്തോടെയും, എന്നാല്‍ നര്‍മ്മം കലര്‍ന്ന ഭാഷയില്‍ ലോറന്‍സ് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ലോറന്‍സ് മുന്നോട്ട് വയ്ക്കുന്ന വിശ്വാസയാത്ര, ദൈവവുമായുള്ള പരിചയം വളര്‍ത്തിയെടുക്കാനും, ദൈവസാന്നിദ്ധ്യത്തിന് നമ്മുടെ ഉള്ളില്‍ സ്ഥാനം കൊടുക്കാനും, അവനോടൊത്തുള്ള ജീവിതത്തില്‍ ആനന്ദം കണ്ടെത്താനും സഹായിക്കുന്നതാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
നമ്മുടെ സമര്‍പ്പണത്തിന് നൂറിരട്ടിയായി തിരികെത്തരുന്നവനാണ് പിതാവായ ദൈവമെന്നും, ദൈവസാന്നിദ്ധ്യത്തിലുള്ള ജീവിതത്തിന് നമ്മെത്തന്നെ സമര്‍പ്പിക്കുന്നത്, പറുദീസയുടെ ഒരു മുന്നാസ്വാദനമായി മാറുന്നുണ്ടെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.