വിഗാനിലെ പുരാതന കത്തോലിക്കാ ദൈവാലയത്തിന് ഉയര്‍ന്ന പൈതൃക പദവി നല്‍കി ബ്രിട്ടന്‍
നിര്‍മ്മാണ വൈവിധ്യം കൊണ്ടും അപൂര്‍വമായ വാസ്തുവിദ്യാ ഭംഗി കൊണ്ടും ശ്രദ്ധേയമായ ഇംഗ്ലണ്ടിലെ വിഗാനിലുള്ള 'സെന്റ് ഓസ്വാള്‍ഡ് ആന്‍ഡ് സെന്റ് എഡ്മണ്ട് ആരോസ്മിത്ത്' കത്തോലിക്കാ ദൈവാലയത്തിന് യുകെയുടെ ഉയര്‍ന്ന പൈതൃക പദവിയായ 'ഗ്രേഡ് II' ലഭിച്ചു. ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ ശുപാര്‍ശപ്രകാരം യുകെ സാംസ്‌കാരിക വകുപ്പാണ് ഈ പദവി നല്‍കിയത്.
ഇംഗ്ലണ്ടിലെ സംരക്ഷിത സ്മാരകങ്ങളില്‍ വെറും ആറ് ശതമാനത്തില്‍ താഴെ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് അത്യപൂര്‍വവും സവിശേഷവുമായ ഈ ഗ്രേഡ് കക അംഗീകാരം ലഭിച്ചിട്ടുള്ളത്.
1925-നും 1930-നുമിടയില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റ് ജെ. സിഡ്‌നി ബ്രോക്കിള്‍സ്ബി രൂപകല്പന ചെയ്ത സെന്റ് ഓസ്വാള്‍ഡ് ആന്‍ഡ് സെന്റ് എഡ്മണ്ട് ആരോസ്മിത്ത് ദൈവാലയം, ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ക്രൈസ്തവ വാസ്തുവിദ്യയുടെ എടുത്തുപറയേണ്ട സൃഷ്ടികളില്‍ ഒന്നാണ്.
തെക്കന്‍ ഫ്രാന്‍സിലെ റോമനെസ്‌ക് ദൈവാലയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം.
മാലാഖമാരുടെയും അപൂര്‍വ ജീവികളുടെയും മുഖങ്ങള്‍ കൊത്തിയ കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ഭിത്തികളും, തനിമയാര്‍ന്ന കോണ്‍ ആകൃതിയിലുള്ള കല്‍ഗോപുരവും ഈ പള്ളിയുടെ സവിശേഷതകളാണ്.
അയര്‍ലന്‍ഡിലെ വിഖ്യാത ചിത്രകാരനായ ഹാരി ക്ലാര്‍ക്ക് രൂപകല്പന ചെയ്ത വര്‍ണ്ണാഭമായ 19 സ്റ്റെയിന്‍ഡ് ഗ്ലാസ് ജനലുകളാണ് ഇവിടെയുള്ളത്. യുകെയില്‍ തന്നെ ഹാരി ക്ലാര്‍ക്കിന്റെ ഏറ്റവും വലിയ ഗ്ലാസ് ചിത്രശേഖരം ഈ ദൈവാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്.
1628-ല്‍ രക്തസാക്ഷിത്വം വരിക്കുകയും 1970-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ജെസ്യൂട്ട് വൈദികനായ വിശുദ്ധ എഡ്മണ്ട് ആരോസ്മിത്തിന്റെ വിശുദ്ധ കരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഈ ദൈവാലയത്തിലാണ്.
ലഭിച്ച ഈ വലിയ അംഗീകാരത്തില്‍ ഇടവക സമൂഹവും വികാരി കാനന്‍ ജോണ്‍ ഗോര്‍മാനും (ഇമിീി ഖീവി ഏീൃാമി) സന്തോഷം പ്രകടിപ്പിച്ചു. അടിച്ചമര്‍ത്തലുകളുടെയും പ്രത്യാഘാതങ്ങളുടെയും കാലഘട്ടത്തില്‍ വിശ്വാസം മുറുകെപ്പിടിക്കുകയും ദൈവമഹത്വത്തിനായി ഇത്തരം മനോഹരമായ ദൈവാലയം പണിയുകയും ചെയ്ത പൂര്‍വികരുടെ വിശ്വാസത്തിന് ലഭിച്ച ആദരവാണിതെന്ന് അദ്ദേഹം പറഞ്ഞു.