സഹപ്രവർത്തകരെ പീഡിപ്പിച്ച് മുങ്ങിയ മലയാളി യുവാവിനെ ഇന്റർപോൾ സഹായത്തോടെ തിരികെയെത്തിച്ച് ബ്രിട്ടൺ
കെയർ ഹോമിലെ സഹപ്രവർത്തകരെ പീഡിപ്പിച്ച് ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നൈജിൽ പോളിനെയാണ് ബ്രിട്ടൺ തിരികെത്തിച്ച് ജയിലിലടച്ചത്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്കോ കോടതിയാണ് നൈജിലിന് യുവാവിനെ 7 വർഷവും 9 മാസവും ശിക്ഷ വിധിച്ചത്.
നൈജിൽ മാനേജരായി ജോലി നോക്കിയിരുന്ന സ്കോട്ട്ലണ്ടിലെ ഹാമിൽട്ടൺ കെയർ ഹോമിലെ 3 ജീവനക്കാരികളെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് കേസ്. പിടിയിലാകുമെന്ന് ഉറപ്പായതോടെ രോഗിയായ പിതാവിനെ നോക്കാനെന്ന പേരിൽ നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് നൈജിൽ.
6 വർഷത്തിന് ശേഷമാണ് ഇയാളെ തിരികെത്തിച്ച് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു യുവതിയെ പീഡിപ്പിക്കുകയും, മറ്റ് രണ്ട് പേരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതാണ് കേസ്. 2019ൽ കേസിന്റെ വിചാരണ നടക്കുമ്പോൾ ഇയാൾ നാട്ടിലേയ്ക്ക് കടന്നു. ഒരു തവണ മാത്രമാണ് ഇയാൾ വിചാരണയ്ക്ക് കോടതിയിൽ ഹാജരായത്. അതിന് ശേഷം തീർത്തും മുങ്ങിയ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടുൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
വിചരണയ്ക്കിടെ പീഡനം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും ഇയാൾ സമ്മതിച്ചു. ആസൂത്രിതമായ കുറ്റകൃത്യമെന്നാണ് കോടതി രേഖപ്പെടുത്തിയത്.
ജയിൽ മോചിതനായ ശേഷം 2 വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. ശിക്ഷ കാലയളവിന് ശേഷവും ഇയാളെ സെക്സ് ഓഫൻഡർമ്മാരുടെ പട്ടികയിൽ ഉൾപ്പെടുത്താനും കോടതി വിധിച്ചു.
26 വയസ്സുള്ള യുവതി ഓഫീസിൽ തനിച്ചായിരുന്ന സമയം ഇയാൾ അടുത്തു വരുകയും അധിക ദിവസം അവധി എടുത്തിതിനാൽ ജോലി പോകുമെന്നും പറഞ്ഞു.
താൻ പറയുന്നതൊക്കെ ചെയ്താൽ ജോലി സുരക്ഷിതമാക്കാം എന്ന് ഭീക്ഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
കെയർ ഹോമിലെ തന്നെ 19, 21 വയസ്സുള്ള മറ്റ് രണ്ട് യുവതികളെയും നൈജിൽ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇയാൾക്കെതിരെ കേസുണ്ട്.