ട്രംപിന്റെ നികുതി നീക്കത്തെ അപലപിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ

ബ്രസീൽ: ജൂലൈ 6 മുതൽ ബ്രസീൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം സംബന്ധിച്ച ഡോണൾഡ് ട്രംപിൻ്റെ കർശനമായ നയങ്ങളെ വിമർശിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ ഒരുങ്ങുന്നെന്ന് സൂചന. ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നതും ആഗോള സാമ്പത്തിക ഉൽപ്പാദനത്തിന്റെ 40 ശതമാനവും പ്രതിനിധീകരിക്കുന്ന വളർന്നുവരുന്ന രാജ്യങ്ങൾ, അന്യായമായ അമേരിക്കൻ ഇറക്കുമതി തീരുവകൾ എന്ന വിഷയത്തിൽ ഒന്നിക്കാൻ പോകുന്നുവെന്ന് ഉച്ചകോടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനുവരിയിൽ അധികാരത്തിൽ വീണ്ടും എത്തിയതിനു ശേഷം , ട്രംപ് സഖ്യകക്ഷികളിലും എതിരാളികളിലും ഒരുപോലെ ശിക്ഷാ തീരുവകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജൂലൈ 9 മുതൽ ആരംഭിക്കുന്ന പുതിയ താരിഫ് നിരക്കുകൾ വ്യാപാര പങ്കാളികളെ അറിയിച്ചുകൊണ്ട് കത്തുകൾ അയക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആഹ്വാനം .