യുപിഐ വഴി കൈക്കൂലി; അക്കൗണ്ട് അസം സ്വദേശിയുടെ പേരില്‍, വൈക്കം സി.ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ
കോട്ടയം: കൈക്കൂലി വാങ്ങാന്‍ യുപിഐ ഇടപാടുകള്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ വൈക്കം സി.ഐ ഷമീര്ഖാനെതിരെ നടപടിക്ക് ശുപാര്‍ശ. ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്കി. വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ശുപാര്‍ശ. ഡി.ഐ.ജി റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറും. ഷമീര്ഖാനെതിരെ ശനിയാഴ്ച വിജിലന്‍സ് കേസെടുത്തിരുന്നു. വിജിലന്‍സ് എസ്.പി ആര്. ബിനുവും വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സി.ഐയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
അന്വേഷണത്തില്‍ ശ്രദ്ധേയമായത് അക്കൗണ്ടിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. അസം സ്വദേശിയുടെ പേരില്‍ വൈക്കം മേഖലയിലെ കനറാ ബാങ്ക് ശാഖയില്‍ ഷമീര്‍ഖാന്‍ അക്കൗണ്ട് എടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറും അസം സ്വദേശിയുടെ പേരിലുള്ളതാണ്.
പ്രദേശത്തെ ടിപ്പര്‍ ലോറി ഉടമകള്‍ക്ക് ഈ നമ്പര്‍ കൈമാറിയിരുന്നതായും ഇതിലൂടെയാണ് ആശയവിനിമയവും പണമിടപാടുകളും നടന്നിരുന്നതെന്നും വിവരമുണ്ട്. അക്കൗണ്ടിലെത്തിയ പണം എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് ഷമീര്‍ഖാന്‍ പിന്വലിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
ടിപ്പര്‍ ലോറി ഉടമകളില്‍നിന്ന് യുപിഐ വഴി കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് കേസിന്റെ പ്രധാന ഭാഗം. പണമിടപാടുകള്‍ നടന്ന അക്കൗണ്ടിന്റെ വിവരങ്ങള്‍, അതിലേക്ക് പണം അയച്ചവരുടെ വിശദാംശങ്ങള്‍, ഇടപാടുകളുടെ സ്വഭാവം എന്നിവ അന്വേഷണത്തില്‍ നിര്‍ണായകമാകും. വിജിലന്‍സ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവി നടപടിക്ക് ശുപാര്‍ശ ചെയ്തതോടെ കേസ് കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
അതേസമയം, ആരോപണങ്ങളില്‍ തുടര്‍ അന്വേഷണവും ഔദ്യോഗിക നടപടികളും പൂര്‍ത്തിയാകേണ്ടതുണ്ട്. ചങ്ങനാശേരി, കറുകച്ചാല്‍, ഇടുക്കി ജില്ലയിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന കാലത്തും ഷമീര്ഖാനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. നിലവിലെ കേസില്‍ അക്കൗണ്ട് വിവരങ്ങളും യുപിഐ ഇടപാടുകളും പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.