കൈക്കൂലിക്കേസ് : ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൈക്കൂലിക്കേസില്‍ പ്രതിയായ ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.
കേസൊതുക്കാന്‍ കശുവണ്ടി വ്യവസായിയിൽ നിന്ന് ഇഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയെന്ന കേസിലെ ഒന്നാം പ്രതിയായ ശേഖര്‍കുമാറിനെ എറണാകുളം വിജിലന്‍സ് എസ് പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം തുടര്‍ നടപടികളുണ്ടാകുമെന്ന് എസ് പി എസ് ശശിധരന്‍ പറഞ്ഞു.
രാവിലെ പത്തരയോടെയാണ് ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ കൊച്ചി വിജിലന്‍സ് ഓഫീസില്‍ ഹാജരായത്. അഭിഭാഷകനോടൊപ്പമായിരുന്നു ശേഖര്‍കുമാര്‍ എത്തിയത്.
ശേഖര്‍കുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുകയെന്ന് വിജിലന്‍സ് എസ് പി എസ് ശശിധരന്‍ പറഞ്ഞു.
കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്ന് ഇഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയെന്ന കേസിലെ ഒന്നാം പ്രതിയും ഇ ഡി അസിസ്റ്റന്റ് ഡയറക്ടറുമായ ശേഖർ കുമാറിനോട് രണ്ടാഴ്ച്ചക്കകം വിജിലന്‍സിനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ശേഖര്‍കുമാറിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
ശേഖർ കുമാറും ഇ ഡി ഏജന്‍റായ രണ്ടാം പ്രതി വിൽസൺ വർഗീസും ഐ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ വിജിലൻസിന്റെ പക്കലുണ്ട്.
മറ്റൊരു പ്രതി രഞ്ജിത്ത് വാര്യരുമായി പ്രത്യേക ആപ്പ് ഉപയോഗിച്ച് ശേഖർ കുമാർ നടത്തിയ സംഭാഷണത്തിന്‍റെ തെളിവുകളും വിജിലൻസിന്‍റെ കൈവശമുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖര്‍കുമാറിനെ ഷില്ലോങിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കശുവണ്ടി വ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി എടുത്ത കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.
കൈക്കൂലിയുടെ ആദ്യഗഡു രണ്ടുലക്ഷം രൂപ കൈമാറുന്നതിനിടെ ഇഡി ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി കുമാർ എന്നിവരെ വിജിലൻസ് പിടികൂടുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ പങ്ക് തെളിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.