വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനം രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ ഭരണകൂടം

സാവോപ്പോളോ: വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനം രാജ്യത്തിന്റെ ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തി ബ്രസീല്‍ ഭരണകൂടം. സെപ്റ്റംബര്‍ 25ന് ആക്ടിംഗ് പ്രസിഡന്റ് ജെറാള്‍ഡോ ആല്‍ക്മിന്‍ നിയമത്തിന് അംഗീകാരം നല്കിയതോടെ ഭരണകൂടം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇതോടെ മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാള്‍ ദിനം ബ്രസീലിയന്‍ ദേശീയ കലണ്ടറില്‍ ഔദ്യോഗികമായി ചേര്‍ന്നിരിക്കുകയാണ്.
ബ്രസീലിയന്‍ ജനതയുടെ കത്തോലിക്കാ വിശ്വാസത്തോടുള്ള ചരിത്രപരമായ ആദരവും പ്രാധാന്യവും പ്രസക്തിയും അംഗീകരിച്ചുക്കൊണ്ടാണ് മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ അനുസ്മരണാര്‍ത്ഥം ഇത്തരമൊരു നടപടിയെന്ന് നമ്പര്‍.15,219 എന്ന നിയമത്തില്‍ പറയുന്നു.
വിശുദ്ധ മിഖായേല്‍ വിശ്വാസത്തിന്റെ സംരക്ഷണത്തിന്റെയും പ്രതീകമാണെന്നും മിലിട്ടറി പോലീസിന്റെയും ഉബെറാബ, നോവ ഇഗ്വാസു, സാവോ മിഗുവല്‍ ഡോ ഓസ്റ്റെ, സാവോ മിഗുവല്‍ ഡോ ഇഗ്വാസു തുടങ്ങിയ നിരവധി ബ്രസീലിയന്‍ നഗരങ്ങളുടെയും രക്ഷാധികാരിയാണെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ബ്രസീലിന്റെ വിവിധ പ്രദേശങ്ങളില്‍ വിശുദ്ധ മിഖായേലിന്റെ തിരുനാള്‍ ദിനത്തില്‍ ബഹുജന കൂട്ടായ്മകള്‍, പ്രദിക്ഷണം എന്നിവയോടെ ആഘോഷിക്കാറുണ്ട്.
കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15 ന് ഇത് ആരംഭിച്ച് ഇന്ന് സെപ്റ്റംബര്‍ 29 ന് അവസാനിക്കുന്ന മിഖായേല്‍ നോമ്പ് ആചരണവും ബ്രസീലില്‍ നടക്കുന്നുണ്ട്.
ദേശീയ കലണ്ടറില്‍ തീയതി ഉള്‍പ്പെടുത്തുന്നതിന് പ്രതീകാത്മകവും സാംസ്‌കാരികവുമായ സ്വഭാവമുണ്ടെന്നും, ബ്രസീലിയന്‍ സമൂഹത്തില്‍ ഇതിനകം വ്യാപകമായ വിശ്വാസപരമായ കാര്യത്തെ ഔദ്യോഗികമായി അംഗീകരിക്കുകയാണെന്നും അധികാരികള്‍ വിശദീകരിച്ചു.
ഏകദേശം 119 ദശലക്ഷം കത്തോലിക്ക വിശ്വാസികളാണ് ബ്രസീലിലുള്ളത്.