കുപ്പി വെള്ളത്തിന് രണ്ട് രൂപ അധികം ഈടാക്കി; റസ്റ്റോറന്റിന് ഒരു ലക്ഷം രൂപ പിഴ,കഴിഞ്ഞ മാര്‍ച്ച് 11ന് അലിഗഡ് നിവാസിയായ അങ്കുര്‍ അഗര്‍വാള്‍ റസ്റ്റോറന്റിലെത്തിയപ്പോഴാണ് സംഭവം
 

 
mineral water


 

 
അലിഗഡ്: കുപ്പിവെള്ളത്തിന് എംആര്‍പി വിലയേക്കാള്‍ രണ്ട് രൂപ അധികമായി ഈടാക്കിയ റസ്റ്റോറന്റിന് ഒരു ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലുള്ള ബിബിസിഎന്‍ റോയല്‍ റെസ്റ്റോറന്റ് ആന്‍ഡ് പാര്‍ട്ടി ഹാളിനാണ് അലീഗഡ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴ ചുമത്തിയത്. 

ഇതിന് പുറമെ പരാതിക്കാരന് നഷ്ടപരിഹാരമായി 1,000 രൂപയും നിയമപരമായ ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കാന്‍ കമ്മീഷന്‍ റെസ്റ്റോറന്റിനോട് ഉത്തരവിട്ടു.

എംആര്‍പിയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി അത്യാവശ്യമാണെന്നും വിലയിരുത്തിയാണ് കമ്മീഷന്റെ വിധി.


കഴിഞ്ഞ മാര്‍ച്ച് 11ന് അലിഗഡ് നിവാസിയായ അങ്കുര്‍ അഗര്‍വാള്‍ റസ്റ്റോറന്റിലെത്തിയപ്പോഴാണ് സംഭവം. ഈ സമയത്ത് അദ്ദേഹം ഒരു കുപ്പി വെള്ളത്തിന് ഓര്‍ഡര്‍ നല്‍കി. കുപ്പിയില്‍ അച്ചടിച്ച എംആര്‍പി 18 രൂപയായിരുന്നു. എന്നാല്‍ റസ്റ്റോറന്റ് 20 രൂപയാണ് ഈടാക്കിയത്. 

രണ്ട് രൂപയാണ് അധികമായി ഈടാക്കിയതെങ്കിലും റസ്റ്റോറന്റിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അഗര്‍വാള്‍ തീരുമാനിക്കുകയായിരുന്നു. അഗര്‍വാള്‍ അലിഗഡിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി.


വാദം കേള്‍ക്കുന്നതിനിടയില്‍, അദ്ദേഹം റസ്റ്റോറന്റ് ബില്ലും വെള്ളക്കുപ്പിയുടെ ഫോട്ടോയും തെളിവായി സമര്‍പ്പിച്ചു. കേസില്‍ റസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നും ആരും ഹാജരായിരുന്നില്ല. 

തുടര്‍ന്ന് കമ്മീഷന്‍ ലഭ്യമായ രേഖകള്‍ പരിശോധിക്കുകയും റസ്റ്റോറന്റിന്റെ വാദം കേള്‍ക്കാതെ തന്നെ പിഴ ചുമത്തുകയായിരുന്നു. എംആര്‍പിയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നത് അന്യായമാണെന്ന് കമ്മീഷന്‍ വിധിച്ചു.
 

Tags

Share this story

From Around the Web