കണ്ണൂരില്‍ ടോക്കണ്‍ മാറി അസ്ഥി നല്‍കി; കുഴിമാടത്തിലെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. പരേതരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ടോക്കണ്‍ പരസ്പരം മാറിയതാണ് വിനയായത്

 
KANNUR TOKEN


കണ്ണൂര്‍: ശവസംസ്‌കാരത്തിന്റെ മൂന്നാംനാള്‍ പരേതയുടെ അസ്ഥി ശേഖരിക്കാനായി ശ്മശാനത്തിലെത്തിയ ബന്ധുക്കളും നാട്ടുകാരും ഞെട്ടി.

 അസ്ഥി ശേഖരിച്ച ശേഷം കുഴിമാടം മൂടിയ നിലയില്‍! സംഭവത്തിന്റെ നിജസ്ഥിതിയറിയാതെ കുഴഞ്ഞ ഇവര്‍ക്ക് അന്വേഷണത്തില്‍നിന്ന് ഒരുകാര്യം വ്യക്തമായി; കുഴിമാടത്തില്‍നിന്ന് അസ്ഥി തലേന്നാള്‍ മറ്റൊരു കൂട്ടര്‍ ശേഖരിച്ചുപോയിരിക്കുന്നു. പയ്യാമ്പലം ശ്മശാനത്തില്‍ തിങ്കളാഴ്ച രാവിലെയാണ് നാടകീയരംഗങ്ങളുടെ തുടക്കം.

സംസ്‌കാരച്ചടങ്ങിന്റെ മൂന്നാംനാള്‍ ഭൗതികാവശിഷ്ടങ്ങള്‍ ശേഖരിക്കാനായി പരേതരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന ടോക്കണ്‍ പരസ്പരം മാറിയതാണ് വിനയായത്.

മരണാനന്തരകര്‍മം യഥാവിധി നടത്താനാകാത്തതിനാല്‍ ശ്മശാനത്തിലെത്തിയവര്‍ അസ്വസ്ഥരായെങ്കിലും ശ്മശാനം നടത്തിപ്പുകാരുമായി സംസാരിച്ച് രമ്യതയിലായതോടെ ഇവര്‍ തിരിച്ചുപോയി. ചാല സ്വദേശിയായ പരേതയുടെ ബന്ധുക്കളും നാട്ടുകാരുമായ ഇവര്‍ മടങ്ങിയ ശേഷം കുറച്ചുപേരെത്തി ശ്മശാനത്തില്‍ അതിക്രമം നടത്തി. 

കൈയാങ്കളിയില്‍, ശ്മശാനത്തിലെ പ്രവൃത്തികള്‍ നടത്തുന്ന ചാലാട് മണലിലെ രഞ്ജന്‍ (51), സഹായി പളനി (40), ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രഞ്ജന് നെറ്റിയിലാണ് പരിക്ക്. ഇതോടെ ഇവിടം ബഹളമായമായി.


സംഭവം തീര്‍ന്നില്ല. വിവരമറിഞ്ഞ് തലേദിവസം കൂടാളി സ്വദേശിയായ പരേതന്റെ അസ്ഥി മാറി ശേഖരിച്ചുപോയവര്‍ ഉച്ചയോടെ സ്ഥലത്തെത്തി. യഥാര്‍ഥ കുഴിമാടത്തില്‍നിന്നുള്ള അസ്ഥി ശേഖരിച്ച് കര്‍മങ്ങള്‍ നടത്തുകയും ചെയ്തു. സംഭവവികാസങ്ങളെത്തുടര്‍ന്ന് ശ്മശാനത്തില്‍ മറ്റ് ശവസംസ്‌കാര ചടങ്ങുകള്‍ ദീര്‍ഘനേരം വൈകി.

 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അനൂപ് ബാലന്‍, ഉമേശന്‍ കണിയാങ്കണ്ടി എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ വേഗത്തിലാക്കാന്‍ നേതൃത്വം നല്‍കി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീജ മഠത്തില്‍ സ്ഥലത്തെത്തി.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം ചര്‍ച്ചയായി. സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തുന്നവര്‍ അകാരണമായി തിരക്ക് കൂട്ടുന്നതാണ് പ്രശ്‌നമാകുന്നതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ശ്മശാനം ജീവനക്കാരെ മര്‍ദിച്ച സംഭവത്തെ കൗണ്‍സില്‍ അപലപിച്ചു.

Tags

Share this story

From Around the Web