ബോണ്ടി ഭീകരാക്രമണം: മൊഴി നൽകിയ ജൂതവംശജർക്കു നേരെ ഭീഷണിയും സൈബർ ആക്രമണവും
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷനു മുമ്പാകെ മൊഴി നൽകിയ സാക്ഷികൾക്കു നേരെ കടുത്ത സൈബർ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ‘റോയൽ കമ്മീഷൻ ഓൺ ആന്റിസെമിറ്റിസം ആൻഡ് സോഷ്യൽ കോഹെഷൻ’ (Royal Commission on Antisemitism and Social Cohesion) മേധാവി വിർജീനിയ ബെല്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും ഇതിനകം തന്നെ ഒരു കേസ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുൻ ഹൈക്കോടതി ജഡ്ജി കൂടിയായ വിർജീനിയ ബെൽ വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള രണ്ടാം ഘട്ട പരസ്യവിചാരണയ്ക്കിടെയായിരുന്നു അവരുടെ പ്രതികരണം.
കമ്മീഷനു മുമ്പാകെ സാക്ഷിപറഞ്ഞ നിരവധി ജൂതവംശജർക്കു നേരെ ഓൺലൈൻ വഴി വലിയ രീതിയിൽ വിദ്വേഷസന്ദേശങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ടെന്ന് വിർജീനിയ ബെൽ സ്ഥിരീകരിച്ചു. ഒരു റോയൽ കമ്മീഷനെ സഹായിക്കുന്ന സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് അതീവഗുരുതരമായ കുറ്റമാണെന്നും അന്വേഷണം അട്ടിമറിക്കാനോ, സാക്ഷികളുടെ വായടപ്പിക്കാനോ ഉള്ള ഇത്തരം ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഭീഷണിസന്ദേശങ്ങളടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ കമ്മീഷൻ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്യുന്നുണ്ട്.