ബോംബുകള്‍ക്ക് ഞങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനാകില്ല: യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി

 
liji


കീവ്: രാജ്യത്ത് തുടരുന്ന യുദ്ധത്തിനിടയിലും തങ്ങളുടെ വിശ്വാസവും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും തകര്‍ക്കാന്‍ ബോംബാക്രമണങ്ങള്‍ക്ക് കഴിയില്ലെന്ന് യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി.

 വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ്സ് ഓഫ് സെയ്ന്റ് മാര്‍ക്ക് സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിജി രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രകടിപ്പിച്ചത്.

 ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രണ്ടാം ലോകമഹായുദ്ധത്തിന് സമാനമായ ഭയാനകമായ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സിസ്റ്റര്‍ ലിജി പറഞ്ഞു.

ഒരു കഷ്ണം റൊട്ടി ലഭിക്കാനായി പുലര്‍ച്ചെ നാല് മണി മുതല്‍ ആളുകള്‍ വരിനില്‍ക്കുന്നത് ഞാന്‍ കണ്ടു. 2004-ല്‍ ഞാന്‍ യുക്രൈനില്‍ എത്തിയപ്പോള്‍, രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ ക്ഷാമത്തെക്കുറിച്ച് വയോധികര്‍ എന്നോട് പറഞ്ഞിരുന്നു.

 എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതേ കാഴ്ച , ഒരു കഷ്ണം റൊട്ടിയും ഒരു ടിന്‍ ഭക്ഷണവും ലഭിക്കാനായി ആയിരക്കണക്കിന് ആളുകള്‍ വരിനില്‍ക്കുന്നത് എന്റെ സ്വന്തം കണ്ണുകൊണ്ട് കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.


ഞാന്‍ ദുരിതബാധിതരെ ചേര്‍ത്തുപിടിച്ചപ്പോള്‍ പലരും പൊട്ടിക്കരഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, ആ സ്‌നേഹപ്രകടനം പോലും ഒരുതരം മോചനമായിരുന്നു. ഈ കഠിനമായ സമയത്തും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള ആഗ്രഹവും ദൈവത്തിലുള്ള ഉറച്ച വിശ്വാസവുമാണ് മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നത്. 

കഠിനമായ പ്രതിസന്ധിയും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യവും നിലനില്‍ക്കുമ്പോഴും, അവിടുത്തെ ജനങ്ങളുടെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിസ്റ്റര്‍ ലിജി പറയുന്നു.

പ്രദേശവാസികള്‍ക്ക് പരാതികളോ നിരാശയോ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്; എന്നാല്‍ അതിനുപകരം, അവര്‍ ദൈവത്തോടുള്ള അഗാധമായ നന്ദി പ്രകടിപ്പിക്കുന്നതാണ് ഞാന്‍ കേട്ടത്! അവര്‍ പറഞ്ഞു: 'പ്രാര്‍ത്ഥനയാണ് ഞങ്ങളുടെ കരുത്ത്. 

നാളെ ഞങ്ങള്‍ ജീവിച്ചിരിക്കുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല; എങ്കിലും ഉക്രേനിയക്കാരായി ജീവിക്കാനും ഉക്രേനിയക്കാരായിത്തന്നെ മരിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.' സങ്കീര്‍ണ്ണ സാഹചര്യത്തില്‍ പ്രാര്‍ത്ഥന ജനങ്ങള്‍ക്ക് ആശ്വാസവും ധൈര്യവും നല്‍കുകയാണെന്നും സിസ്റ്റര്‍ ലിജി പറയുന്നു.


കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി യുക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി എറണാകുളം നെടുമ്പാശേരി സ്വദേശിനിയാണ്. 

യുക്രൈന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളിലും യുക്രൈനില്‍ സമാധാനം സംജാതമാകുന്നതായി പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലിയും സംഘടിപ്പിച്ചിരിന്നു. 

ഫ്രാന്‍സിസ് പാപ്പ തിരുസഭയെ നയിച്ച കാലയളവിലും ഇപ്പോള്‍ ലെയോ പാപ്പയുടെ കാലത്തും വത്തിക്കാന്റെ നേതൃത്വത്തില്‍ നിരവധി തവണ യുക്രൈനില്‍ സഹായമെത്തിച്ചിട്ടുണ്ട്.


 

Tags

Share this story

From Around the Web