കളിക്കൂട്ടുകാരെ' കണ്ടപ്പോള്‍ ചിക്കാഗോയിലെ പഴയ പയ്യനായി 'ബോബ്'; സഹപാഠികളെ വത്തിക്കാനില്‍ സ്വീകരിച്ച് പാപ്പ

 
pope

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരം ഒരു നിമിഷം അവര്‍ക്ക് മുമ്പില്‍ ചിക്കാഗോയിലെ ആ പഴയ ക്ലാസ്  മുറിയായി. ആഗോളസഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പ അവരുടെ പഴയ കളിക്കൂട്ടുകാരന്‍ ബോബും. 

60 വര്‍ഷത്തോളം ഇടവേളക്ക് ശേഷം വത്തിക്കാന്‍ ചത്വരത്തില്‍ പഴയ സ്‌കൂള്‍  സഹപാഠികളും ലിയോ 14-ാമന്‍ പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായി. 

1969  -ല്‍  'ലോവര്‍' സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച പത്തോളം സഹപാഠികളാണ് പാപ്പയെ കാണാന്‍ വത്തിക്കാനിലെത്തിയത്.

വര്‍ഷം 1969   ചിക്കാഗോയിലെ 'സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍' സ്‌കൂളിലെ എട്ടാം ക്ലാസ്സ് കുട്ടികള്‍ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍, ഒപ്പമുള്ള ആ കുസൃതിക്കാരന്‍ പില്‍ക്കാലത്ത് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.  2026 മാര്‍ച്ച് 18-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വീണ്ടുമൊരിക്കല്‍ കൂടെ അവര്‍ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്തു.

 സ്‌കൂളിലെ തങ്ങളുടെ പഴയ സഹപാഠിയായ റോബര്‍ട്ട് എഫ്. പ്രെവോസ്റ്റ് ഇന്ന് ആഗോളസഭയുടെ തലവനായ പാപ്പയാണെന്ന തിരിച്ചറിവ് അവരുടെ സൗഹൃദത്തിന് തടസമായില്ല.

  പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗ്രാജുവേഷന്‍ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച്, തന്റെ പഴയ കൂട്ടുകാര്‍ക്കൊപ്പം പാപ്പ ചിരിച്ചു നില്‍ക്കുന്ന കാഴ്ച കണ്ടുനിന്നവരുടെയും മനം നിറച്ചു. പഴയ ഫോട്ടോയുടെ പുറകില്‍ 'ബോബ്' എന്ന് പണ്ട് ഒപ്പിട്ടതിന് താഴെയായി തന്റെ പുതിയ ഒപ്പ് പാപ്പ രേഖപ്പെടുത്തി.

അന്നേ വിനയമുള്ളവനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു ബോബ് എന്ന് കൂട്ടുകാര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കനായിരുന്നെങ്കിലും ഒരിക്കലും ഒരു 'ബുദ്ധിരാക്ഷസന്റെ' ഭാവം പാപ്പക്ക് ഉണ്ടായിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Tags

Share this story

From Around the Web