ദൈവനിന്ദ ആരോപണം; കപ്പൂച്ചിന്‍ വൈദികന്റെ സഹോദരന്‍ പാക്ക് ജയിലില്‍ മരണമടഞ്ഞു
ലാഹോര്‍: പാകിസ്താനില്‍ ദൈവനിന്ദ ആരോപിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കത്തോലിക്കാ വിശ്വാസി അന്തരിച്ചു. ലാഹോറിലെ കപ്പൂച്ചിന്‍ സന്യാസസഭാംഗമായ ഫാ. ഹെന്റി പോളിന്റെ സഹോദരന്‍ അമീര്‍ പീറ്റര്‍ (61) ആണ് ജൂലൈ 1-ന് ലാഹോറിലെ ക്യാമ്പ് ജയിലില്‍ വെച്ച് മരണമടഞ്ഞത്. കടുത്ത ഡിമെന്‍ഷ്യ (മറവിരോഗം) ബാധിതനായ ഇദ്ദേഹത്തിന് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ജാമ്യം നല്‍കാതെ അധികൃതര്‍ തടവിലിടുകയായിരുന്നു.
പാകിസ്താനിലെ കടുത്ത ദൈവനിന്ദാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയും മാനസികാരോഗ്യമില്ലാത്ത തടവുകാരോടുള്ള ക്രൂരമായ സമീപനത്തിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു മുസ്ലീം കടയുടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് 2025 ജൂലൈയില്‍ മൂന്ന് കുട്ടികളുടെ പിതാവായ അമീര്‍ പീറ്ററിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ വെച്ച് ഇദ്ദേഹത്തിന്റെ ശാരീരിക-മാനസിക നില മോശമായി. അമീറിന് അടിയന്തരമായി വിദഗ്ധ ചികില്‍സ നല്‍കണമെന്ന് അഭിഭാഷകര്‍ പലതവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിലെ മെഡിക്കല്‍ ബോര്‍ഡ് ഇദ്ദേഹത്തിന് വിചാരണ നേരിടാനുള്ള മാനസിക ശേഷിയില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടും ജയില്‍ അധികൃതര്‍ അത് അവഗണിക്കുകയായിരുന്നു. ജൂണ്‍ 30-ന് രാത്രി ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹം മരിക്കുകയായിരുന്നു. അവസാന നിമിഷം വരെയും തന്റെ സഹോദരന്‍ ക്രിസ്തുവിനെ മുറുകെ പിടിച്ചുവെന്നുള്ളത് അഭിമാനകരമാണെന്ന് സഹോദരന്‍ ഫാ. ഹെന്റി പോള്‍ പ്രതികരിച്ചു.