മൂവാറ്റുപുഴയിൽ വീടുകളുടെ ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ. ഇരുപതോളം വീടുകളിലെ വിചിത്ര സംഭവം മോഷ്ടാക്കളുടെ അടയാളപ്പെടുത്തലെന്ന് സംശയം
കൊച്ചി: മൂവാറ്റുപുഴയില്‍ വീടുകളുടെ ഗേറ്റുകളില്‍ കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.
നഗരസഭയിലെ 9,10 വാര്‍ഡുകളിലെ ഇരുപതോളം വീടുകളിലാണ് ഗേറ്റുകള്‍ക്ക് പുറമേ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും പ്ലാസ്റ്റിക് ടൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കാവുംകര, ഫ്രഷ് കോള, മാര്‍ക്കറ്റ് മേഖലകളിലെ വീടുകളിലാണു ഗേറ്റുകളിലും വീടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡിലിലും ബ്രേക്ക് ലിവറിലും പ്ലാസ്റ്റിക് ടൈകള്‍ ബന്ധിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്ന സംശയത്തിലായിരുന്നു നാട്ടുകാര്‍ ആദ്യം. എന്നാല്‍ സംഭവങ്ങളുടെ ആവര്‍ത്തനവും വീടുകള്‍ തെരഞ്ഞെടുത്ത രീതിയും നാട്ടുകാരില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
കാവുംകരയില്‍ അടുത്തടുത്തുള്ള ഒന്‍പത് വീടുകളുടെ ഗേറ്റുകളിലും വാഹനങ്ങളിലും സമാനമായി പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയതായി കണ്ടെത്തിയതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കു മുന്നോടിയായുള്ള നീക്കമാണോ ഇതെന്ന ആശങ്കയിലാണു പ്രദേശവാസികള്‍.
എന്നാല്‍ ഈ വീടുകളുടെ തൊട്ടടുത്തുള്ള സിസിടിവി കാമറകളുള്ള വീടുകള്‍ ഒഴിവാക്കി അകലെയുള്ള വീടുകളില്‍ ഇതേ പ്രവൃത്തി തുടര്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രി 8നും എട്ടരയ്ക്കുമിടയിലാണ് ഇരുപതോളം വീടുകളില്‍ സംഭവം നടന്നതെന്നാണു ലഭ്യമായ വിവരം.