എഫ്.സി.ആര്‍.എ ബില്‍ തെരഞ്ഞെടുപ്പില്‍ എതിരാകുമെന്നു കണ്ടതോടെ സഭകള്‍ക്കു ഭീഷണിയുമായി ബി.ജെ.പി അനുകൂലികള്‍. വിദേശ സഹായം തോന്നിയ പോലെ ചെലവഴിച്ചതുകൊണ്ടാണെന്നും അധിക്ഷേപം

 
Frca bill

കോട്ടയം: എഫ്.സി.ആര്‍.എ ബില്‍  കേരളാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എതിരാകുമെന്ന് കണ്ടതോടെ ക്രൈസ്തവ സഭകള്‍ക്കു ഭീഷണിയുമായി ബി.ജെ.പി അനുകൂലികള്‍. നഴ്‌സുമാരുടെ സമരമടക്കം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരക്കാരുടെ ഭീഷണി. 

നിയമ ഭേദഗതി സഭയ്ക്ക് എതിരാണെന്ന് മെത്രാന്മാര്‍ പറഞ്ഞാല്‍ അവര്‍ നാളിതുവരെ ലഭിച്ച വിദേശ സഹായം തോന്നിയ പോലെ ചെലവഴിച്ചതുകൊണ്ടാണെന്ന അധിക്ഷേപവും ഇക്കൂട്ടരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ക്രൈസ്തവ സഭകളുടെ ആശങ്കളെ മറ്റൊരു തലത്തില്‍ ചിത്രീകരിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടരുടെ ശ്രമം.

ഫ്.സി.ആര്‍.എ  വിഷയത്തില്‍ വേവലാതിപ്പെടുന്ന  സീറോമലബാര്‍ സഭ തെരുവില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് ? മണിപ്പൂര്‍ കലാപത്തിന്റെ പിന്നാമ്പുറ സത്യങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. സഭ ഇക്കാര്യത്തില്‍ തെറ്റായ നിലപാടുകളാണ് എടുത്തത്.

 അബദ്ധം ബോധ്യം വന്നപ്പോഴാണ് നിലപാടില്‍ മാറ്റവരുത്താന്‍ തയ്യാറായത്. അതുപോലെ തന്നെയാണ് എഫ്.സി.ആര്‍.എ വിഷയത്തിലും സഭ ചെന്ന് പെട്ടിരിക്കുന്നത്. എന്നിങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ഇക്കൂട്ടരുടെ ന്യായവാദങ്ങള്‍. ഇന്നലെ വരെ  അനുഭവച്ചു വന്നിരുന്ന സൗകര്യങ്ങള്‍ നിര്‍ത്തലക്കപ്പെടുമോ എന്ന ഭയമാണു സഭാ നേതൃത്വത്തിന് എന്ന ആക്ഷേപമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്.

ഒരു ഡെസിഗ്‌നേറ്റഡ് അതോറിറ്റി  (നിയുക്ത അധികാരി) വഴി ഒരു സംഘടനയുടെ വിദേശ ഫണ്ടുകളുടെയും ആ ഫണ്ടുകളില്‍ നിന്ന് സൃഷ്ടിച്ച ഭൗതിക സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ അധികാരമുള്ള ഒരു കേന്ദ്ര അതോറിറ്റി രൂപീകരിക്കാന്‍ പുതിയ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. 

ഒരു എന്‍ജിഒയുടെ എഫ്സിആര്‍എ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍, സര്‍ക്കാരിന് അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും അവ വില്‍ക്കാനും, അതില്‍ നിന്നുള്ള വരുമാനം 'കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ'യില്‍ നിക്ഷേപിക്കാനും സാധിക്കും.

 പുതിയ നിയമം വഴി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്താല്‍, എന്‍ജിഒയുടെ സ്വത്തുകള്‍ ''താല്‍ക്കാലികമായി'' ഡിസിഗ്‌നേറ്റഡ് അതോറിറ്റിക്ക് കൈമാറപ്പെടും.

സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ വഴി ഇന്ത്യന്‍ സമൂഹത്തിന് സേവനം ചെയ്ത സഭ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും. 

ഒരു സംഘടന ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെടുകയോ, അവരുടെ അപേക്ഷ തിരസ്‌ക്കപ്പെടുകയോ ചെയ്താല്‍, അതിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ യാന്ത്രികമായി അവസാനിക്കപ്പെടും. ഇതോടെ ഏതെങ്കിലും വിദേശ ഫണ്ടുകളോ അതുമായി ബന്ധപ്പെട്ട സ്വത്തുക്കളോ ഉപയോഗിക്കാനുള്ള അവകാശം അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും.
 
എന്നാൽ, എല്ലാ ഡയറക്ടര്‍മാര്‍ക്കും, ട്രസ്റ്റികള്‍ക്കും, ഭരണസമിതിയിലെ അല്ലെങ്കില്‍ മാനേജിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും ലഭിക്കുന്ന വിദേശ ഫണ്ടിന്റെ വിനിയോഗത്തില്‍ നിയമപരമായ ബാധ്യതയുണ്ട് എന്ന ഭേദഗതിയാണ് എല്ലാവരെയും പേടിപ്പിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ മറ്റൊരു കണ്ടെത്തൽ. 

ഇന്നലെ വരെ ആര്‍ക്കും ഒരുത്തരവാദിത്വവുമില്ലാതിരുന്ന ഫണ്ട് വിനിയോഗത്തിന് ഇപ്പോള്‍ നിയമം വഴി അതിന്റെ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്ന് പറയുമ്പോള്‍ സഭയെന്തിനാണ് പേടിക്കുന്നത്. 

നിയമ ഭേദഗതി കത്തോലിക്കാ സഭയ്ക്ക് എതിരാണ് എന്ന് മെത്രാന്മാര്‍ പറഞ്ഞാല്‍ അവര്‍ നാളിതുവരെ ലഭിച്ച വിദേശ സഹായം അവര്‍ക്ക് തോന്നിയ പോലെ ചിലവഴിച്ചു എന്ന് പറയാതെ പറയുകയാണ് എന്നെല്ലാമാണ് ഇക്കൂട്ടരുടെ അധിക്ഷേപങ്ങള്‍.

ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ഇരട്ടത്താപ്പു നയമുണ്ടോയെന്നു സംശയിക്കുന്നു എന്ന ക്രൈസ്തവ നേതാക്കളുടെ പരാമര്‍ശമാണ് ഇക്കൂട്ടരെ അധിക്ഷേപത്തിന് കാരണമാകുന്നത്. 

വിഷയത്തിൽ ആദ്യം പ്രതിഷേധവുമായി വന്നത് കത്തോലിക്കാ സഭയാണ്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. പിന്നാലെ ഓർത്തഡോക്സ് സഭ ഉൾപ്പടെയുള്ള മറ്റു സഭകളും ആശങ്ക രേഖപ്പെടുത്തി.  ബിഷപ്പുമാര്‍ കാര്യമറിയാതെ ഊളത്തരം പറഞ്ഞു നടക്കുകയാണെന്നാണ് ഇന്ന് മനോരമ ചാനലിന് നല്കിയ പ്രതികരണത്തില്‍ പി സി ജോര്‍ജ് പറഞ്ഞത്.

സഭകളുടെ പള്ളികളെയും വ്യക്തികളെയും സന്ദര്‍ശിക്കുകയും സഭാ നേതാക്കന്മാര്‍ക്ക് ക്രിസ്തുമസിനും മറ്റും വിരുന്നു സല്‍ക്കാരം നടത്തുകയും ചെയ്യുന്നത് സഭ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സഭകളുുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രയാസപ്പെടുത്തുന്ന ശ്രമം ഉണ്ടാകുമ്പോള്‍, രണ്ടു തരത്തിലുള്ള സമീപനം സഭയെ വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു എന്നത് വളരെ ആശങ്കയോടെയാണ് നേതൃത്വം കാണുന്നത്.

ഓര്‍ത്തഡോക്‌സ് സഭാ വ്യക്തമാക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്ന് എഫ്‌സിആര്‍എകള്‍ ബ്ലോക്ക് ചെയ്തിട്ട് രണ്ടു വര്‍ഷത്തിലധികമായിട്ടും അതു പുതുക്കി തരാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ്. ആശങ്കപ്പെടേണ്ട എന്ന ബിജെപി നേതാക്കളുടെ വാക്കിന് അര്‍ത്ഥമില്ല..

അങ്ങനെയെങ്കില്‍ ബ്ലോക്ക് ചെയ്ത എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ എന്തുകൊണ്ട് തുറന്നു തരുന്നില്ലെന്ന് ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.

Tags

Share this story

From Around the Web