ഒറ്റയ്ക്ക് നദി വൃത്തിയാക്കി ലോകശ്രദ്ധ നേടിയ ബിട്ടുവിന് വിദേശ കമ്പനിയില്‍ ജോലി വാഗ്ദാനം;അടുത്ത ശുചീകരണ ദൗത്യം എവിടെ തുടങ്ങണം

 
bitttu



ഭോപ്പാല്‍: മധ്യപ്രദേശിലെ മാലിന്യം നിറഞ്ഞ നദി ഒറ്റക്ക് ശുചീകരിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായ യുവാവിന് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍നിന്ന് തൊഴില്‍ വാഗ്ദാനം. 


സമൂഹമാധ്യമങ്ങളില്‍ 'ബിട്ടു തബാഹി' എന്നറിയപ്പെടുന്ന ഇരുപതുകാരനായ സുരേന്ദ്ര സിങ് ചൗധരിയാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയത്. സമുദ്രങ്ങളിലെയും നദികളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഡച്ച് ആസ്ഥാനമായുള്ള ആഗോള സംഘടന 'ദി ഓഷ്യന്‍ ക്ലീനപ്പ്' ആണ് യുവാവിന് ജോലി വാഗ്ദാനം ചെയ്തത്.

ജോലി ലഭിച്ച വിവരം അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍, തന്റെ അടുത്ത ശുചീകരണ ദൗത്യം എവിടെ തുടങ്ങണമെന്ന് ബിട്ടു ജനങ്ങളോട് ചോദിക്കുന്നുണ്ട്. ''നദികള്‍ വൃത്തിയാക്കുന്ന ഈ യാത്രയില്‍ നിങ്ങള്‍ എന്നെ വളരെയധികം പിന്തുണച്ചു. 


ദി ഓഷ്യന്‍ ക്ലീനപ്പില്‍നിന്ന് എനിക്ക് ഒരു തൊഴില്‍ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഇനി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി പോയി അവിടങ്ങളിലെ ജലാശയങ്ങള്‍ വൃത്തിയാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ അടുത്തതായി ഏത് സംസ്ഥാനത്തേക്കാണ് വരേണ്ടത്?'' - ബിട്ടു വീഡിയോയില്‍ ചോദിച്ചു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിഹാര്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആളുകള്‍ തങ്ങളുടെ പ്രദേശങ്ങളിലെ മാലിന്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമന്റുകളുമായി രംഗത്തെത്തി.

മധ്യപ്രദേശിലെ കടുത്ത മലിനീകരണത്തിലായിരുന്ന അജ്നാര്‍ നദിയും പരിസര പ്രദേശങ്ങളുമാണ് യാതൊരു സര്‍ക്കാര്‍ സഹായമോ സംഘടനാ പിന്തുണയോ ഇല്ലാതെ ബിട്ടു വൃത്തിയാക്കിയത്. സ്വന്തം കൈയില്‍നിന്ന് പണം മുടക്കി ശുചീകരണ സാമഗ്രികള്‍ വാങ്ങിയായിരുന്നു പ്രവര്‍ത്തനം.

മാസങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെ നദിയിലെ പ്ലാസ്റ്റിക്കും മറ്റ് ഖരമാലിന്യങ്ങളും നീക്കം ചെയ്ത് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ ബിട്ടു മാറ്റി.
 

Tags

Share this story

From Around the Web