കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി.; കായിക അധ്യാപകൻ അറസ്റ്റിൽ
Oct 16, 2026, 11:34 IST
തിരുവനന്തപുരം: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം. ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനും വെള്ളറട ജങ്ഷനിലെ ദാസ് ഹൗസിൽ താമസക്കാരനുമായ ഡെനിൻ ദാസാ(44)ണ് പിടിയിലായത്.
നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. നേരത്തെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായാട്ടുസംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിൽ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ മാംസം തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി. നായാട്ടുസംഘത്തിൽ ചില തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കായി അന്വേഷണം ആരംഭിച്ചു.