പുഞ്ചവയൽ–പാക്കാനം റോഡിൽ കാട്ടുപോത്ത് ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ട് യുവാവ്; വനത്തിൽ തെരച്ചിൽ ആരംഭിച്ച് വനം വകുപ്പ്
മുണ്ടക്കയം: പുഞ്ചവയൽ–പാക്കാനം–ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാരന് നേരെ ആക്രമണം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വനമേഖലയിൽ പരിശോധന നടത്തി. കാട്ടു പോത്തിനെ കണ്ടെത്തി ഉൾകാട്ടിലേക്ക് തുരത്താനാണ് തീരുമാനം.
പ്രദേശ വാസികളുടെ ആശങ്കയകറ്റാനാണ് നടപടി.
സമീപകാലത്തായി ഈ മേഖലയിൽ കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രികാല യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും വന്യജീവി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഇതോടെ മേഖലയിൽ തകരാറിലായ സോളാർ ഫെൻസിങ് പുനസ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
തിങ്കളാഴ്ച രാത്രിയാണ് യുവാവിന് നേരെ ആക്രമണം നടന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവിന് നേരെ റോഡിലുണ്ടായിരുന്ന കാട്ടുപോത്ത് പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. പോത്ത് പാഞ്ഞു വരുന്നത് കണ്ട ഭയന്ന യുവാവ് ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. യുവാവ് ഉടൻ തന്നെ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
തുടർന്ന് അക്രമാസക്തനായ കാട്ടുപോത്ത് റോഡിൽ കിടന്ന ബൈക്ക് കുത്തി മറിച്ച് പൂർണമായും തകർത്തു. വീഴ്ചയിലും തുടർന്നുള്ള ഓട്ടത്തിനിടയിലും പരുക്കേറ്റ യുവാവ് ചികിത്സ തേടി.