ക്രൈസ്തവരുടെ അവകാശങ്ങള്‍ക്ക് ഉറപ്പുനല്‍കണമെന്ന് നൈജീരിയന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ട് ബിഷപ്പുമാര്‍

 
PRIEST

നൈജീരിയ: നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവും കത്തോലിക്കാ ബിഷപ്പുമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, പൗരന്മാര്‍ എന്ന നിലയില്‍ ക്രൈസ്തവരുടെ അവകാശങ്ങള്‍ക്ക് ഉറപ്പുലഭിക്കണം എന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. 


നൈജീരിയയിലെ ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, കഡൂനആര്‍ച്ച്ബിഷപ്പ് മാത്യു മാന്‍-ഓസോയുടെ നേതൃത്വത്തിലുള്ള ബിഷപ്പുമാരാണ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.

''നൈജീരിയയിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് പല ക്രൈസ്തവര്‍ക്കും ന്യായമായ ആശങ്കകളുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്.'' ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. പരിശുദ്ധ സിംഹാസനവും  പ്രാദേശിക സര്‍ക്കാരും തമ്മിലുള്ള നല്ല ബന്ധത്തെ ബിഷപ്പുമാര്‍ എടുത്തുപറഞ്ഞു. 


എന്നാല്‍ അതോടൊപ്പം തന്നെ, നിലവിലെ ഭരണകൂടത്തില്‍ ക്രൈസ്തവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കയും അവര്‍ പ്രസിഡന്റ് ടിനുബുവിനെ അറിയിച്ചതായി വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ 'ഫിഡെസ്' (എശറല)െ റിപ്പോര്‍ട്ട് ചെയ്യുന്നു.


നൈജീരിയയിലെ രീതി അനുസരിച്ച്, ഒരു ക്രൈസ്തവ പ്രസിഡന്റും മുസ്ലീം വൈസ് പ്രസിഡന്റും അല്ലെങ്കില്‍ ഒരു മുസ്ലീം പ്രസിഡന്റും ക്രൈസ്തവ വൈസ് പ്രസിഡന്റും മാറിമാറി ഭരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമയും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. 

പ്രത്യേകിച്ച്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെനറ്റ്, ജനപ്രതിനിധി സഭ എന്നിവയിലെ സ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന 2027 പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെ, ക്രൈസ്തവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പുനല്‍കിക്കൊണ്ട് സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ നൈജീരിയന്‍ ബിഷപ്പുമാര്‍ ടിനുബുവിനോട് ആവശ്യപ്പെട്ടു.

സ്വതന്ത്ര ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമായ ഫണ്ട് ഉറപ്പാക്കണമെന്നും, വോട്ടവകാശമുള്ള എല്ലാ പൗരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ബിഷപ്പുമാര്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചതായി ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഗുണ്ടാസംഘങ്ങള്‍ക്കും തീവ്രവാദത്തിനുമെതിരെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവ 'ഒറ്റപ്പെട്ട സംഭവങ്ങള്‍' മാത്രമാണെന്നും സ്ഥിതിഗതികള്‍ പൂര്‍ണ്ണമായി പരിഹരിക്കപ്പെടുന്നതില്‍ നിന്ന് ഏറെ അകലെയാണെന്നും ബിഷപ്പുമാര്‍ പറഞ്ഞു.

അവസാനമായി, ലെയോ പതിനാലാമന്‍ പാപ്പയെ നൈജീരിയയിലേക്ക് ക്ഷണിക്കാന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ടിനുബുവിനോട് ആവശ്യപ്പെട്ടു. 

പരിശുദ്ധ പിതാവിന്റെ ഹൃദയത്തില്‍ നൈജീരിയയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അങ്ങനെയൊരു സന്ദര്‍ശനം നൈജീരിയക്കാര്‍ക്കിടയിലെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web