മെത്രാന്മാര്‍ വിശ്വാസത്തിന്റെ ദാസന്മാരായി ക്രിസ്തുവിന്റെ മാതൃകയില്‍ ശുശ്രൂഷ ചെയ്യണം: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മെത്രാഭിഷേകമെന്ന കൃപ നിങ്ങള്‍ക്കുവേണ്ടിയുള്ളതല്ല, മറിച്ച് സുവിശേഷവേലയ്ക്കായി ശുശ്രൂഷ ചെയ്യാനുള്ളതാണെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മെത്രാഭിഷേകം സ്വീകരിച്ചവരോട് ലിയോ പതിനാലാമന്‍ പാപ്പാ.
പുതുതായി മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെടുന്നവര്‍ക്കായി വത്തിക്കാനില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന പ്രത്യേക പരിശീലനപരിപാടിയുടെ ഭാഗമായ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം വരുന്ന നവ മെത്രാന്‍സംഘത്തോട് സംസാരിക്കവെ, കര്‍ത്താവിന്റെ അപ്പസ്‌തോലന്മാരെപ്പോലെയും വിശ്വാസത്തിന്റെ ദാസന്മാരെന്ന നിലയിലും അയക്കപ്പെടുവാനായാണ് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ബാഹ്യമായ പ്രവര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല മെത്രാന്മാര്‍ നല്‍കുന്ന ശുശ്രൂഷയും സേവനങ്ങളുമെന്നും, അപ്പസ്‌തോലന്മാരെപ്പോലെ, ആന്തരികമായ സ്വാതന്ത്ര്യത്തിലേക്കും ആത്മാവിലുള്ള ദാരിദ്ര്യത്തിന്‍ലേക്കും, സ്‌നേഹാധിഷ്ഠിതമായ ശുശ്രൂഷയിലേക്കുമുള്ള വിളിയാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
താനുമായുള്ള പ്രത്യേക ഐക്യത്തിനായി ദൈവം നമ്മെ ക്ഷണിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, പൈതൃകമായ സ്‌നേഹത്തോടെ നമുക്കരികിലേക്ക് വരുന്ന ക്രിസ്തുവിന്റെ ജീവിതമാതൃകയനുസരിച്ച് ജീവിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് കൂട്ടിച്ചേര്‍ത്തു.
ദൈവം തങ്ങളെ വിളിച്ച് ഏതൊരിടത്തേക്കാണോ അയക്കുന്നത്, അവിടെ എളിമയിലും പ്രാര്‍ത്ഥനയിലും ആയിരുന്നുകൊണ്ട് ശുശ്രൂഷ ചെയ്യാനും, തങ്ങളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിന് സമീപസ്ഥരായിരിക്കാനും പാപ്പാ പുതുതായി അഭിഷിക്തരായ മെത്രാന്മാരെ ആഹ്വാനം ചെയ്തു.
വിശ്വാസജീവിതപ്രതിസന്ധികളും, പ്രായോഗിക സഭാജീവിതത്തിലെ ബുദ്ധിമുട്ടുകളും നേരിടുന്ന സാധാരണജനം, സഭയുടെ വാതിലുകളിലെത്തി മുട്ടിവിളിക്കുമ്പോള്‍ മെത്രാന്മാര്‍ ആ വിശ്വാസിസമൂഹത്തെ സ്വീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടണമെന്ന് പറഞ്ഞ പാപ്പാ, വൈദികര്‍ക്കും വിശ്വാസത്തില്‍ സഹോദരീസഹോദരന്മാരായവര്‍ക്കും ഇടയനടുത്ത രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മെത്രാന്മാര്‍ അവരെ തങ്ങള്‍ക്കൊപ്പം വിശ്വാസയാത്രയില്‍ പങ്കുചേര്‍ക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
മെത്രാന്മാരുടേത് എളിമയോടെയുള്ള സേവനത്തിനായുള്ള വിളിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ പലവുരു നമ്മെ അനുസ്മരിപ്പിച്ചത് മറക്കരുതെന്നും പാപ്പാ എടുത്തുപറഞ്ഞു.
വത്തിക്കാനിലെ സിനഡ് ശാലയില്‍ സെപ്റ്റംബര്‍ 11 വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ മെത്രാന്മാരായി അഭിഷേകം സ്വീകരിച്ചവര്‍ക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചത്.