മതസ്വാതന്ത്ര്യത്തിന് ഭീഷണി: മതപരിവര്‍ത്തന നിരോധന നിയമത്തെ അപലപിച്ച് മഹാരാഷ്ട്രയിലെ ബിഷപ്പുമാര്‍
മുംബൈ: സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തെ അപലപിച്ച് മഹാരാഷ്ട്ര ബിഷപ്പുമാര്‍.
നിയമം മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടന ഉറപ്പുകളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും നിയമാനുസൃതമായ വിശ്വാസ അനുഷ്ഠാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ തത്വത്തിന് തന്നെ വിരുദ്ധമാണ് നിയമമെന്ന് വെസ്റ്റേണ്‍ റീജിയന്‍ ബിഷപ്പ്സ് കൗണ്‍സില്‍ പ്രസ്താവിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21, 25 എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുപോലെ, ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം, ആചാരം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങളെ ഈ നിയമം ലംഘിക്കുന്നു.
മതസമൂഹങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ല. നിയമനിര്‍മ്മാണം പാസാക്കിയ രീതിയെയും ബിഷപ്പുമാര്‍ വിമര്‍ശിച്ചു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്തു മതവിഭാഗങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സഭാനേതൃത്വവുമായി സംസാരിക്കുവാന്‍ ഇടപെടല്‍ നടന്നിരുന്നുവെന്നും ബിഷപ്പ്സ് കൗണ്‍സില്‍ വ്യക്തമാക്കി.
പുതിയ നിയമ പ്രകാരം മതം മാറ്റം സ്വമേധയാ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് നേരിട്ടു അപേക്ഷ നല്‍കണം, മതപരിവര്‍ത്തനത്തിന് ശേഷം 21 ദിവസത്തിനുള്ളില്‍ അധികൃതരെ അറിയിക്കണം തുടങ്ങീ നിരവധി നൂലാമാലകള്‍ നിറഞ്ഞതാണ് മഹാരാഷ്ട്രയിലെ മതപരിവര്‍ത്തന നിരോധന ബില്‍.