മതപരിവര്‍ത്തന നിരോധന നിയമം റദ്ദുചെയ്യണം: നിവേദനവുമായി ബിഷപ്പുമാര്‍, 2022ലാണ് മതപരിവര്‍ത്തന നിരോധന നിയമം കര്‍ണാടകയില്‍ പ്രാബല്യത്തില്‍ വന്നത്

 
karnadka


ബംഗളൂരു: കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് നിവേദനം നല്‍കി. കര്‍ണാടകയില്‍ അധികാരം ലഭിച്ചാല്‍ മതപരിവര്‍ത്തന നിരോധന നിയമം ഉള്‍പ്പടെയുള്ള എല്ലാ ഭരണഘടനാ വിരുദ്ധ നിയമങ്ങളും പിന്‍വലിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ ഈ വിഷയം പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി. 

സംസ്ഥാന അസംബ്ലിയുടെ ഉപരിസഭയായ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന 11 സീറ്റുകളില്‍ കുറഞ്ഞത് ഒരു ക്രിസ്ത്യാനിയെ എങ്കിലും നാമനിര്‍ദ്ദേശം ചെയ്യണമെന്ന് പ്രതിനിധി സംഘം മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടു.

മൈസൂര്‍ ബിഷപ് ഫ്രാന്‍സിസ് സെറാവു, മംഗലാപുരം ബിഷപ് പീറ്റര്‍ പോള്‍, ബംഗളൂരുവിലെ ആശിര്‍വാദ്-ജെസ്യൂട്ട് സെന്റര്‍ ഡയറക്ടര്‍ ഫാ. അരുണ്‍ ലൂയിസ് എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

ബിജെപി ഭരിക്കുമ്പോള്‍ 2022 സെപ്റ്റംബറിലാണ് മതപരിവര്‍ത്തന നിരോധന നിയമം കര്‍ണാടകയില്‍ പ്രാബല്യത്തില്‍ വന്നത്. നിയമം കൊണ്ടുവരുന്നതിനെതിരെ കത്തോലിക്ക സഭ നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ആ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു നിയമം പാസാക്കിയത്.

Tags

Share this story

From Around the Web