ബിഷപ്പ് റെനെ ഗ്രാസിഡ അന്തരിച്ചു: വിട വാങ്ങിയത് വിസ്മയകരമായ ജീവിതനിയോഗം
പൗരോഹിത്യം, സൈനിക സേവനം, വാസ്തുവിദ്യ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടെക്സസിലെ കോർപ്പസ് ക്രിസ്റ്റി രൂപതയുടെ മുൻ ബിഷപ്പ് റെനെ ഹെൻറി ഗ്രാസിഡ (102) അന്തരിച്ചു. 1983 മുതൽ 1997 വരെ കോർപ്പസ് ക്രിസ്റ്റി രൂപതയെ നയിച്ച അദ്ദേഹം, തന്റെ 102-ാം വയസ്സിലും സഭയിലെ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ 14 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് രൂപതയുടെ നിലവിലെ ബിഷപ്പ് മാരിയോ എ. അവിലസ് നന്ദി രേഖപ്പെടുത്തി.
പോർവിമാനങ്ങളിൽ നിന്ന് പൗരോഹിത്യത്തിലേക്ക്
1923-ൽ ന്യൂ ഓർലിയാൻസിൽ ജനിച്ച ഗ്രാസിഡയുടെ ആദ്യകാല ജീവിതം സാഹസികത നിറഞ്ഞതായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് ആർമി എയർ കോർപ്സിന്റെ ഭാഗമായി 32 വ്യോമ ദൗത്യങ്ങളിൽ അദ്ദേഹം പങ്കെടുത്തു. യുദ്ധാനന്തരം ഹ്യൂസ്റ്റൺ സർവകലാശാലയിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദം നേടിയ അദ്ദേഹം വർഷങ്ങളോളം ഒരു ആർക്കിടെക്റ്റായി ജോലി ചെയ്തു. തന്റെ പിതാവിനെപ്പോലെ ഒരു വാസ്തുശില്പിയായി ജീവിതം തുടരണമെന്ന് കരുതിയെങ്കിലും, ഒരു ഈസ്റ്റർ ദിനത്തിൽ പങ്കെടുത്ത കുർബാനയും ബിഷപ്പ് ഡുവാൻ ഹണ്ടിന്റെ പ്രസംഗവും അദ്ദേഹത്തിന്റെ ജീവിതഗതി മാറ്റിമറിച്ചു. അങ്ങനെ 1951-ൽ ബെനഡിക്റ്റൈൻ സന്യാസ സഭയിൽ ചേർന്ന അദ്ദേഹം 1959-ൽ പുരോഹിതനായി അഭിഷിക്തനായി.
സഭയിലെ വിവിധ ചുമതലകൾ
1971-ൽ മിയാമി അതിരൂപതയുടെ സഹായ ബിഷപ്പായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ ശുശ്രൂഷകൾ ആരംഭിക്കുന്നത്. പിന്നീട് 1975-ൽ ഫ്ലോറിഡയിലെ പെൻസകോള-തല്ലഹാസി രൂപതയുടെ പ്രഥമ ബിഷപ്പായി അദ്ദേഹം നിയോഗിക്കപ്പെട്ടു.
1983-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കോർപ്പസ് ക്രിസ്റ്റി രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായും നിയമിച്ചു. വിരമിക്കുന്നതുവരെ രൂപതയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
ദീർഘവീക്ഷണമുള്ള ഇടയൻ
ഒരു മികച്ച വാസ്തുശില്പി കൂടിയായിരുന്ന ബിഷപ്പ് ഗ്രാസിഡ, രൂപതയുടെ നിർമ്മാണ പദ്ധതികളിൽ നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നു. സഭയുടെ ആശയവിനിമയ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അദ്ദേഹം രണ്ട് റേഡിയോ സ്റ്റേഷനുകളും ഒരു ടെലിവിഷൻ ചാനലും ധ്യാനകേന്ദ്രങ്ങളും സ്ഥാപിച്ചു.
സാമൂഹിക തിന്മകൾക്കെതിരെയും അക്രമങ്ങൾക്കെതിരെയും അദ്ദേഹം ശക്തമായി നിലകൊണ്ടു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകളും പുറപ്പെടുവിച്ച ഇടയലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉറച്ച ആത്മീയതയും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ദൃഢനിശ്ചയവും ബിഷപ്പ് ഗ്രാസിഡയെ ജനപ്രിയനായ ഒരു ഇടയനാക്കി മാറ്റി.