ഉദയ്പുര്‍ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ കാലം ചെയ്തു
ന്യൂഡല്‍ഹി: ഉദയ്പുര്‍ ബിഷപ്പ് ഡോ. ദേവപ്രസാദ് ഗാനവ എസ്വിഡി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 11.45ന് ഉദയ്പുരിലെ സെന്റ് തെരേസാസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഉദയ്പുരിലെ ബിഷപ്സ് ഹൗസില്‍ വച്ച് അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ പത്തിന് ഉദയ്പുര്‍ ഔര്‍ ലേഡി ഓഫ് ഫാത്തിമ കത്തീഡ്രലില്‍ നടക്കും. 2009 മുതല്‍ 2012 വരെ ജാബുവയില്‍ ബിഷപ്പായിരുന്നു. തുടര്‍ന്ന് 2012ലാ ണ് ഉദയ്പുര്‍ ബിഷപ്പായി നിയമിതനായത്.
1951 ഡിസംബര്‍ എട്ടിന് മധ്യപ്രദേശിലെ ജാബുവയില്‍ ജനിച്ച അദ്ദേഹം 1974ല്‍ സൊസൈറ്റി ഓഫ് ദ ഡിവൈന്‍ വേഡ് (എസ്പിഡി) സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ആദ്യവ്രതവാഗ്ദാനം നടത്തി. പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍ നിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയശേഷം 1982 ഒക്ടോബര്‍ 27നാണ് പൗരോഹിത്യം സ്വീകരിച്ചത്. ഇന്‍ഡോര്‍ ഗവ. കോളജില്‍ നിന്ന് ബിഎ, എംഎ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഖാണ്ഡ്വ, ഖാര്‍ഗോണ്‍, റാണാപ്പുര്‍ എന്നിവിടങ്ങളില്‍ വികാരിയായും വിവിധ സെമിനാരികളില്‍ റെക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം 2009ലാണ് ജാബുവ രൂപതയുടെ ബിഷപ്പായി നിയമിതനായത്.