കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിന്റെ മുന്‍ പ്രസിഡന്റിന്റെ വധശിക്ഷയില്‍ പ്രതിഷേധമറിയിച്ച് മെത്രാന്‍സമിതി

വത്തിക്കാന്‍:കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിന്റെ മുന്‍ പ്രസിഡന്റ് ജോസഫ് കബീലയ്ക്ക് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധമറിയിച്ച് രാജ്യത്തെ കത്തോലിക്കാ മെത്രാന്‍സമിതി.
വധശിക്ഷ സുവിശേഷമൂല്യങ്ങളോട് ചേര്‍ന്ന് പോകില്ലെന്നും, മുന്‍ പ്രസിഡന്റിന് വധശിക്ഷ നല്‍കുന്നത് രാജ്യത്ത് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകില്ലെന്നും മെത്രാന്‍സമിതി പ്രസ്താവിച്ചതായി ഒക്ടോബര്‍ ഏഴിന് ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജോസഫ് കബീലയ്ക്ക് വധശിക്ഷ വിധിക്കുന്ന തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും, ഇത് ഏവരെയും പിന്നോക്കം കൊണ്ടുപോകുന്ന നടപടിയാണെന്നും, ജീവന്റെ സംരക്ഷണത്തിനും, സുവിശേഷമൂല്യങ്ങള്‍ക്കും എതിരായ നടപടിയാണെന്നും മെത്രാന്മാര്‍ പ്രസ്താവിച്ചു.
വധശിക്ഷയും, അതിന് പിന്നിലെ പ്രതികാരയുക്തിയും സുവിശേഷവുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്നും, സമാധാനം, ദേശീയ ഐക്യം, രാജ്യത്തിന്റെ സമഗ്രത എന്നിവ പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ, മുന്‍ പ്രസിഡന്റ് കബീലയ്ക്ക് കിന്‍ഷാസയിലെ മിലിട്ടറി സുപ്രീം കോടതി, വധശിക്ഷ വിധിച്ചതില്‍ തങ്ങള്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നുവെന്ന്, ലുബുമ്പാഷി അതിരൂപതാദ്ധ്യക്ഷനും മെത്രാന്‍സമിതി പ്രസിഡന്റുമായ ആര്‍ച്ച്ബിഷപ് ഫുള്‍ഗാന്‍സ് മുതേബ മുഗലൂ പ്രസ്താവിച്ചു.
ജീവന്റെ പവിത്രത അംഗീകരിക്കുന്ന കോംഗോയിലെ ഭരണഘടനയുമായി യോജിച്ചുപോകുന്നതല്ല വധശിക്ഷയെന്ന് മെത്രാന്‍സമിതി ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി, സെപ്റ്റംബര്‍ 30-നായിരുന്നു മുന്‍ പ്രസിഡന്റിനെ മിലിട്ടറി സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2001 മുതല്‍ 2019 വരെ ഭരണം നടത്തിയ ശേഷം രാജ്യം വിട്ട പ്രസിഡന്റ് കബീല, 2023-ലാണ് ഗിറില്ലകള്‍ കൈവശപ്പെടുത്തിയിരിക്കുന്ന കിഴക്കന്‍ പ്രദേശത്തുള്ള വടക്കന്‍ കിവുവില്‍ എത്തിയത്.
രാജ്യത്തെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി നിലനില്‍ക്കുന്ന യുദ്ധങ്ങളും അസ്ഥിരതകളും അവസാനിപ്പിക്കാനും, മുന്‍ പ്രസിഡന്റിനെയും, വിപ്ലവകാരികളെയും കൂടി ഉള്‍പ്പെത്തി ദേശീയതലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് മെത്രാന്‍സമിതി ആവശ്യപ്പെട്ടു.