ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഖാര്‍കീവ് ബിഷപ്പ്
ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വത്തിക്കാന്റെ ഭാഗത്തു നിന്നും ആത്മീയവും നയതന്ത്രപരവുമായ എല്ലാ ശ്രമങ്ങളും തുടരുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ.
യുദ്ധത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന ഉക്രൈനിലെ ഖാര്‍കീവ്-സപോറീഷ്യ ബിഷപ്പ് പാവ്‌ലോ ഹോഞ്ചാറുക്കുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ തങ്ങളുടെ പക്കലുള്ള എല്ലാ നയതന്ത്രസാധ്യതകളും ആത്മീയസ്വാധീനവും ഉപയോഗിക്കുന്നുണ്ടെന്ന് മാര്‍പാപ്പ ഉറപ്പുനല്‍കി.
കൂടിക്കാഴ്ചയില്‍ ഖാര്‍കീവ് ബിഷപ്പ് മാര്‍പാപ്പയെ വീണ്ടും ഉക്രൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അതിരറ്റ സ്‌നേഹത്തോടും തുറന്ന മനസ്സോടുമാണ് മാര്‍പാപ്പ തങ്ങളെ സ്വീകരിച്ചതെന്ന് ബിഷപ്പ് വ്യക്തമാക്കി.
തടവിലാക്കപ്പെട്ടവരുടെ മോചനത്തിനും റഷ്യയിലേക്ക് കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചെത്തിക്കുന്നതിനും വത്തിക്കാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ബിഷപ്പ് മാര്‍പാപ്പയോട് നന്ദി അറിയിച്ചു. ഒപ്പം യുദ്ധത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ ഖാര്‍കീവില്‍ സാധാരണക്കാര്‍ക്കും വീടുകള്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ബോംബാക്രമണങ്ങളെയും ജനങ്ങളുടെ ദുരിതങ്ങളെയും കുറിച്ച് ബിഷപ്പ് മാര്‍പാപ്പയോട് സംസാരിച്ചു.
വത്തിക്കാന്റെ സമാധാനദൂതന്മാരായ കര്‍ദിനാള്‍ മാറ്റിയോ സൂപ്പിയുടെയും ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുടെയും മുന്‍പത്തെ ഉക്രൈന്‍ സന്ദര്‍ശനങ്ങള്‍, സമാധാനത്തിനായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും കൂടിക്കാഴ്ചയില്‍ ഇരുവരും ഉറപ്പിച്ചു പറഞ്ഞു.