കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കലിനെ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിലിൽ അംഗമായി നിയമിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കലിനെ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി നിയമിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ നിർദേശപ്രകാരം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രോ-പ്രിഫെക്ട് കർദിനാൾ റീനോ ഫിസിക്കെല്ലെയാണ് നിയമനം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ചു വർഷത്തേക്കാണ് നിയമനം.
സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ, ആഗോളസഭയുടെ വിശ്വാസപരിശീലന ദൗത്യത്തിന് ആവശ്യമായ പഠനങ്ങൾ, മാർഗനിർദേശങ്ങൾ, നയപരമായ ശിപാർശകൾ എന്നിവ രൂപപ്പെടുത്തുന്നതിനും, വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമിതിയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും മതബോധനരംഗത്തെ വിദഗ്ധരുമാണ് കൗൺസിലിലെ അംഗങ്ങൾ.
വിശ്വാസപരിശീലന രംഗത്തെ മാർ ജോസ് പുളിക്കലിന്റെ മികവുറ്റ നേതൃത്വത്തിനും സംഭാവനകൾക്കും ലഭിച്ച അന്തർദേശീയ അംഗീകാരമാണ് ഈ നിയമനം. സാർവത്രികസഭയുടെ മതബോധന ദൗത്യത്തിൽ സീറോ മലബാർ സഭയുടെ വിശ്വാസപരിശീലന പാരമ്പര്യം കൂടുതൽ ഫലപ്രദമായി പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.
2016-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായും 2020-ൽ മെത്രാനായും ചുമതലയേറ്റ മാർ ജോസ് പുളിക്കൽ 2024 മുതലാണ് സീറോ മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനായി നിയമിതനായത്.
2026 ഫെബ്രുവരി മാസത്തിൽ മനിലയിൽ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ വിശ്വാസപരിശീലന വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പങ്കെടുക്കുകയും സീറോ മലബാർ സഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളും വിശ്വാസപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തിരുന്നു