വത്തിക്കാന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗത്തിന് ബിഷപ്പ് ലൂയിസ് മാരിന്‍ നേതൃത്വം നല്‍കും
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ദാനധര്‍മ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പല്‍ അല്‍മോനര്‍ സ്ഥാനത്തേക്ക് സ്പാനിഷ് ആര്‍ച്ച് ബിഷപ്പും അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗവുമായ ബിഷപ്പ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിനെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു.
ജീവകാരുണ്യ സേവന ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2022 മുതല്‍ ഓഫീസിന് നേതൃത്വം നല്‍കിയ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കിയുടെ പിന്‍ഗാമിയായാണ് ബിഷപ്പ് ലൂയിസ് മാരിന്‍ സേവനം ചെയ്യുക.
ലോഡ്ജിലെ പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കി ജന്മനാടായ പോളണ്ടിലേക്ക് മടങ്ങും.
1961-ല്‍ മാഡ്രിഡില്‍ ജനിച്ച മാരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ മാഡ്രിഡിലെ പൊന്തിഫിക്കല്‍ കോമില്ലാസ് സര്‍വകലാശാലയില്‍ നിന്ന് ആത്മീയ ദൈവശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോഗ്മാറ്റിക് ദൈവശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.
2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പ് ലൂയിസ് മാരിനെ ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചിരിന്നു. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡില്‍ വത്തിക്കാനില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തി കൂടിയായിരിന്നു.
അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗങ്ങളായ ലെയോ പതിനാലാമനും ബിഷപ്പ് ലൂയിസ് മാരിനും വര്‍ഷങ്ങളായി പരസ്പരം അറിയുന്നവര്‍ കൂടിയാണ്.