ബിഷപ്പ് ഫ്രാന്‍സിസ് സെറാവോ മൈസൂര്‍ രൂപതയുടെ പുതിയ മെത്രാന്‍

വത്തിക്കാന്‍ സിറ്റി: കര്‍ണ്ണാടകയിലെ മൈസൂര്‍ രൂപതയുടെ പുതിയ അധ്യക്ഷനായി ജെസ്യൂട്ട് സന്യാസ സമൂഹാംഗമായ ബിഷപ്പ് ഫ്രാന്‍സിസ് സെറാവോയെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പയുടെ ഉത്തരവ്.
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍ ദിനമായ ഇന്നലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2014 മുതല്‍ കര്‍ണ്ണാടകയിലെ ഷിമോഗ രൂപതയുടെ അദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു ബിഷപ്പ് സെറാവോ.
1959 ആഗസ്റ്റ് 15നു മൈസൂറിലുള്ള മൂഡബിദ്രിയിലാണ് ഫ്രാന്‍സിസ് സെറാവോയുടെ ജനനം. 1979 ജനുവരി 3-ന് ബാംഗ്ലൂരിലെ മൗണ്ട് സെന്റ് ജോസഫില്‍ ജെസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നു.
ചെന്നൈയിലെ സത്യനിലയം, പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠം എന്നീ ജെസ്യൂട്ട് സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ വിദ്യാജ്യോതി കോളേജില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി.
1992 ഏപ്രില്‍ 30നു പൗരോഹിത്യം സ്വീകരിച്ചു. 2014 മാര്‍ച്ച് 19ന് മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
മൈസൂര്‍ രൂപതയുടെ ഒന്‍പതാമത്തെ ബിഷപ്പാണ് അദ്ദേഹം. മൈസൂര്‍, മാണ്ഡ്യ, കുടക്, ചാമരാജനഗര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മൈസൂര്‍ രൂപത. ബാംഗ്ലൂര്‍, ഊട്ടകമുണ്ട്, സേലം, മാനന്തവാടി, കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം, ചിക്കമംഗളൂര്‍ എന്നീ രൂപതകളുമായി അതിര്‍ത്തി പങ്കിടുന്നു.
93 ഇടവകകള്‍, 140 രൂപതാ വൈദികര്‍, 108 സന്യാസ വൈദികര്‍, 893 സന്യാസിനികള്‍ എന്നിവര്‍ സേവനമനുഷ്ഠിക്കുന്ന രൂപതയില്‍ 1,34,000 കത്തോലിക്ക വിശ്വാസികളാണുള്ളത്.