അപ്പരസിതയിലെ ബിഷപ്പുമാരുടെ സംഗമത്തിൽ സംഗീതവിരുന്നൊരുക്കി ബിഷപ്പ് ഫെർണാണ്ടോ റിഫാൻ
ബ്രസീലിലെ ബിഷപ്പുമാരുടെ ദേശീയ സമ്മേളനത്തിനിടെ (CNBB) നടന്ന അപ്രതീക്ഷിതമായ ഒരു ‘സംഗീത നിമിഷം’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഗൗരവമേറിയ ചർച്ചകൾക്കും പ്രാർഥനകൾക്കുമായി ഒത്തുകൂടിയ ബിഷപ്പുമാർക്കിടയിൽ, ബിഷപ്പ് ഫെർണാണ്ടോ റിഫാൻ, അക്കോഡിയൻ വായിച്ചു പാട്ടുപാടിയതാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. സെന്റ് ജോൺ മേരി വിയാനിയുടെ പേഴ്സണൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്റെ ബിഷപ്പായ അദ്ദേഹം ജനപ്രിയ ഗാനങ്ങൾ ആലപിച്ചപ്പോൾ, സഹപ്രവർത്തകരായ മറ്റ് ബിഷപ്പുമാരും പാട്ടും വാദ്യോപകരണങ്ങളുമായി അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു.
സാധാരണഗതിയിൽ ഔദ്യോഗിക ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും അജപാലന തീരുമാനങ്ങൾക്കും പ്രാധാന്യം നൽകുന്ന സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി , സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ഒരു അന്തരീക്ഷമാണ് ഈ സാംസ്കാരിക പരിപാടിയിലൂടെ സൃഷ്ടിക്കപ്പെട്ടത്. നൂറുകണക്കിന് ബിഷപ്പുമാർ പങ്കെടുക്കുന്ന ഈ ദേശീയ സംഗമം രാജ്യത്തെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കുന്നതിനാണ് വർഷം തോറും ചേരുന്നത്.
എന്നാൽ, നിയമങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും അപ്പുറം സഭയിലെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും മാനുഷിക മുഖമാണ് ഈ വൈറൽ വീഡിയോയിലൂടെ പുറത്തുവന്നത്.
അതേസമയം സിഎൻബിബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വ്യത്യസ്ത രൂപതകളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും എത്തിയ ബിഷപ്പുമാർക്കിടയിലെ ഇത്തരമൊരു ലളിതമായ കൂട്ടായ്മ സഭാ ജീവിതത്തിന്റെ മനോഹാരിത വെളിവാക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.