ബിഷപ് ഡോ. അലക്‌സ് വടക്കുംതല ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ എക്ലെസിയാസ്റ്റിക്കല്‍ അഡ്‌വൈസര്‍
കണ്ണൂര്‍: ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ എക്ലെസിയാസ്റ്റിക്കല്‍ അഡ്‌വൈസറായി കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് ജോസഫ് വടക്കുംതല നിയമിതനായി. കഴിഞ്ഞ ആറ് വര്‍ഷമായി ജീസസ് യൂത്ത് ഇന്ത്യയുടെ എക്ലെസിയാസ്റ്റിക്കല്‍ അഡ്‌വൈസറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു ബിഷപ് ഡോ. വടക്കുംതല.
2014 ഫെബ്രുവരി ഒന്നിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഡോ. അലക്‌സ് വടക്കുംതലയെ കണ്ണൂര്‍ ബിഷപ്പായി നിയമിച്ചത്. 1959 ജൂണ്‍ 14 ന് വരാപ്പുഴ അതിരൂപതയിലെ എറണാകുളം ജില്ലയിലെ മരടില്‍ ജനിച്ച ഡോ. വടക്കുംതല 1984 ഡിസംബര്‍ 19 ന് വരാപ്പുഴ അതിരൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു.
പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്, കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി, കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, വരാപ്പുഴ അതിരൂപതാ വികാരി ജനറാള്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
സുവിശേഷവല്ക്കരണത്തില്‍ യുവജന പ്രസ്ഥാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്ന സമയത്ത്, ജീസസ് യൂത്ത് ഇന്റര്‍നാഷണലിലേക്കുള്ള ബിഷപ് അലക്‌സ് വടക്കുംതലയുടെ നിയമനത്തിന് ഏറെ പ്രാധാന്യമുണ്ട്.