ബര്‍മിങ്ഹാം ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്തെഫനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ സമാപിച്ചു
ബര്‍മിങ്ഹാം: ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പിതാവും സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഫാ. സോണി സണ്ണി മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാന്‍, ഫാ. വര്‍ഗീസ് ജോണ്‍, ഇടവക വികാരി ഫാ. ബിനോയ് ജോഷുവ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാര്‍ത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്‌കാരം, വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ത്ഥന, പ്രദിക്ഷണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവ പ്രധാന ചടങ്ങുകളായി സംഘടിപ്പിച്ചു.
കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ക്രിസ്തു സാക്ഷ്യത്തിന്റെ യഥാര്‍ത്ഥ പ്രതീകമായിരുന്നു സ്തെഫനോസ് സഹദായെന്ന് ഫാ. റിക്കു ചെറിയാന്‍ ചൂണ്ടിക്കാട്ടി.
ഇടവക വികാരി ഫാ. ബിനോയ് ജോഷുവ, ട്രസ്റ്റി എബ്രഹാം കുര്യന്‍, സെക്രട്ടറി മിഥുന്‍ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആത്മീയ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലേലത്തിനുശേഷം കൊടിയിറക്കോടുകൂടി പെരുന്നാള്‍ സമാപിച്ചു.