കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു
കൊല്ലം : കൊല്ലം ജില്ലയിലെ ആയൂര്‍ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയില്‍ എച്ച്9 എന്‍2 (ഒ9ച2) വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഹൈ സെക്യൂരിറ്റി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. നിലവില്‍ കണ്ടെത്തിയ വൈറസ് വകഭേദം തീവ്രത കുറഞ്ഞതാണെന്നും ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും വിദഗ്ധര്‍ അറിയിച്ചു. എങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആയൂര്‍ ഹാച്ചറിയുടെ പരിസരപ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ 14 പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന രണ്ട് പഞ്ചായത്തുകളിലും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇളമാട്, ചടയമംഗലം, അഞ്ചല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കോഴിഫാമുകള്‍ നിരീക്ഷണത്തിലാണ്. കൂടാതെ കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.