കോഴിക്കോട് പക്ഷിപ്പനി ഭീതിയില്‍; അഞ്ച് പ്രദേശങ്ങളില്‍ എച്ച്5 എന്‍1 സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളത്തുമാണ് രോഗബാധ കണ്ടെത്തിയത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ അതിതീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 (ഒ5ച1) വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതേത്തുടര്‍ന്ന് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ദ്രുതകര്‍മസേനയെ സജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്ന് പക്ഷികളെ കടത്തുന്നതിനും വില്‍ക്കുന്നതിനും താല്‍ക്കാലിക വിലക്കുണ്ടാകും.
ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ യാതൊരു കാരണവശാലും നേരിട്ട് സ്പര്‍ശിക്കരുതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
അസ്വാഭാവികമായ രീതിയില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള മൃഗാശുപത്രിയിലോ അധികൃതര്‍ക്കോ വിവരം നല്‍കണം.
ശുചിത്വ നടപടികള്‍ പാലിക്കാനും ജാഗ്രത കൈവിടരുതെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.