ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം, കള്ളിങ് നടപടികള്‍ നാളെത്തന്നെ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
 

 
duck


     
 
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, ചെന്നിത്തല എന്നീ രണ്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഏകദേശം 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായുള്ള കള്ളിങ് നടപടികള്‍ നാളെത്തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അമ്പലപ്പുഴയിലുള്ള ഒരു കാട ഫാമിലും കോഴികള്‍ വളര്‍ത്തുന്ന ഇടത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നിത്തലയില്‍ താറാവ് കുഞ്ഞുങ്ങള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ദേശാടന പക്ഷികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാവുക എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന മുന്നറിയിപ്പുകള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ മുട്ടവിരിഞ്ഞ് മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പോലും രോഗം ബാധിച്ചിരിക്കുകയാണ്.
ക്രിസ്തുമസ് അടുത്തിരിക്കെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജില്ലയിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മാത്രമല്ല, പക്ഷിപ്പനി ബാധിച്ച് വളര്‍ത്തുപക്ഷികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്ന പരാതിയുമുണ്ട്. 

നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാര തുക വിപണി വിലയേക്കാള്‍ വളരെ കുറവാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി കാരണം പല കര്‍ഷകരും താറാവ് കൃഷിയില്‍ നിന്നും കോഴി ഫാം നടത്തുന്നതില്‍ നിന്നും പിന്മാറുകയാണ്.

Tags

Share this story

From Around the Web