വാട്‌സാപ്പില്‍ ബിജാപുര്‍ സ്റ്റാറ്റസ്, കോട്ടയത്ത് റെയ്ഡ്; മാസപ്പടിക്കുപുറമെ കുപ്പികളും ടച്ചിങ്‌സും വാങ്ങി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുടുങ്ങി

 
 whatsapp down


കോട്ടയം: എക്‌സൈസ് വകുപ്പിലെ അഴിമതി വേരോടെ പിഴുതെറിയാന്‍ എക്‌സൈസ് കമ്മീഷണര്‍ ശീറാം സാംബശിവറാവു നടത്തിയ 'ഓപ്പറേഷന്‍ ബിജാപൂര്‍' വന്‍ തന്ത്രങ്ങളോടെ. സംസ്ഥാനം വിട്ട് ബിജാപുരിലേക്ക് പോകുകയാണെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടശേഷം രഹസ്യമായി കോട്ടയത്തെത്തിയാണ് കമ്മീഷണറും സംഘവും സ്വന്തം വകുപ്പിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. അശോക് കുമാര്‍ ബാറുകളില്‍നിന്ന് മാസപ്പടിയും പാരിതോഷികങ്ങളും വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ അപ്രതീക്ഷിത മിന്നല്‍ പരിശോധന.

ഒരു ബാര്‍ ഹോട്ടലില്‍ വേഷംമാറി മുറിയെടുത്താണ് കമ്മീഷണറും അഡീഷണല്‍ കമ്മീഷണര്‍ ആര്‍. ജയശങ്കറും അന്വേഷണം നടത്തിയത്. ചങ്ങനാശ്ശേരിയിലെ ബാറുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും തെളിവുകളും സംഘം ശേഖരിച്ചു. പണത്തിന് പുറമെ ബാറുകളില്‍നിന്ന് മദ്യക്കുപ്പികളും ടച്ചിങ്‌സും ഇവര്‍ പാരിതോഷികമായി കൈപ്പറ്റിയിരുന്നു. പരിശോധന നടക്കുമ്പോള്‍ പോലും ഡെപ്യൂട്ടി കമ്മീഷണര്‍ ബാറുടമയെ ഫോണില്‍ ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'കരിങ്കിട ജോയ്' എന്ന ഇടനിലക്കാരന്‍ വഴിയാണ് അശോക് കുമാറിനായി പണപ്പിരിവ് നടത്തിയിരുന്നത്.


തുടര്‍ന്ന് നടത്തിയ ശക്തമായ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്. അശോക് കുമാര്‍ ഉള്‍പ്പെടെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Tags

Share this story

From Around the Web