വിദ്യാർഥി പ്രതിഷേധം: നാല് മാസമായി റഷ്യയിൽ താമസിക്കുന്ന യുവാവിനെതിരെ കേസെടുത്ത് ബിഹാർ പൊലീസ്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് എതിരായ പ്രതിഷേധത്തിന്റെ പേരിൽ ബിഹാർ പൊലീസ് നിരപരാധികൾക്കെതിരെ കേസെടുക്കുന്നതായി പരാതി. നാല് മാസമായി റഷ്യയിൽ താമസിക്കുന്ന ബിഹാർ കോൽവിറ്റ സ്വദേശിയായ മുഹമ്മദ് സദാകത്തിന് എതിരെയാണ് കേസെടുത്തത്.
ജുലൈ 24ന് എൽആർപി ചൗക്കിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ബഹാദൂർഗഞ്ച് പൊലീസ് ആണ് തനിക്കെതിരെ കേസെടുത്തതെന്ന് സദാകത്ത് പറഞ്ഞു. നാല് മാസമായി റഷ്യയിലായതിനാൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം പൊലീസിനോട് അഭ്യർഥിച്ചു.
പ്രതിഷേധത്തിന്റെ പേരിൽ നൂറുകണക്കിന് വിദ്യാർഥികൾക്കെതിരെയാണ് ബിഹാർ പൊലീസ് കേസെടുത്തത്. 300ൽ കൂടുതൽ വിദ്യാർഥികൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ഇവർ പറഞ്ഞിരുന്നു. കേസ് പിൻവലിക്കുമെന്ന് കേന്ദ്രസർക്കാരും ബിഹാർ സർക്കാരും ഉറപ്പ് പറയുമ്പോഴും വിദ്യാർഥികൾക്കെതിരെ നിയമനടപടി തുടരുകയാണ്.
യാതൊരു തെളിവുമില്ലാതെയാണ് വിദ്യാർഥികളെ വേട്ടയാടുന്നത് എന്ന് തെളിയിക്കുന്നതാണ് മുഹമ്മദ് സദാകത്തിന് എതിരെ കേസെടുത്ത സംഭവം.