പീഡിതരായ ക്രൈസ്തവര്‍ക്ക് വേണ്ടി ഫണ്ട് സമാഹരണത്തിന് ലണ്ടനില്‍ നിന്ന് ജെറുസലേമിലേക്ക് സൈക്കിള്‍ തീര്‍ത്ഥാടനവുമായി യുവാവ്
ലണ്ടന്‍: 32 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള കനത്ത ചൂട്, ദിവസവും വെറും മൂന്ന് മണിക്കൂര്‍ മാത്രം ഉറക്കം, യാത്ര തടസ്സപ്പെടുത്തുന്ന ശക്തമായ കാറ്റ് - പ്രതികൂല സാഹചര്യങ്ങളിലും ആന്‍ഡ്രൂ ഫൂട്ട് ജെറുസലേമിലേക്ക് സൈക്കിള്‍ തീര്‍ത്ഥാടനം തുടരുകയാണ്. ലോകമെമ്പാടും പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്ന 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്' (അഇച) എന്ന സംഘടനയ്ക്കായി ഫണ്ട് സമാഹരണമെന്ന ലക്ഷ്യവുമായാണ് 2246 മൈല്‍ ദൂരം ഈ യുവാവ് സൈക്കിള്‍ തീര്‍ത്ഥാടനം നടത്തുന്നത്.
ഓഗസ്റ്റ് 15നു ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ നിന്നാണ് ആന്‍ഡ്രൂ യാത്രയ്ക്ക് തുടക്കമിട്ടത്. 12 ആഴ്ച നീളുന്ന ഈ ദൗത്യത്തിന് ഒടുവില്‍ പീഡിത ക്രൈസ്തവരെ സഹായിക്കുന്ന എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനായി 10,000 പൗണ്ട് സമാഹരിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നിലവില്‍ ഫ്രാന്‍സിലൂടെ 600 മൈല്‍ദൂരം സൈക്കിളില്‍ പിന്നിട്ട അദ്ദേഹം ഫ്രഞ്ച് യാത്രയുടെ മൂന്നില്‍ രണ്ട് ഭാഗവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഇറ്റലി, ഗ്രീസ്, തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ കടന്ന് വേണം ഇസ്രായേലില്‍ എത്തുവാന്‍. മേഖലയില്‍ പ്രതിസന്ധി ഏറെയുണ്ടെങ്കിലും വിശുദ്ധ നാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. ദിവസവും 60 മുതല്‍ 70 മൈല്‍ വരെ സൈക്കിള്‍ ചവിട്ടുന്ന ആന്‍ഡ്രൂ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് പര്യടനം തുടരുന്നത്. ആരാധനാ സ്വാതന്ത്ര്യത്തിനായി കനത്ത വെല്ലുവിളികളും ദുരിതങ്ങളും സഹിക്കുന്ന ക്രൈസ്തവരെ മനസില്‍കണ്ടു കൊണ്ട് നടത്തുന്ന ഒരു തീര്‍ത്ഥാടനമാണിതെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആന്‍ഡ്രൂ പറയുന്നു.