കുട്ടികളെ ദൈവവചനത്തിലേക്ക് നയിക്കാന്‍ 'ബൈബിള്‍ ഇന്‍ എ ഇയര്‍: ഫാമിലി എഡിഷന്‍' ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: ദൈവവചന വായനയിലൂടെ രക്ഷാകരചരിത്രവും തിരുവെഴുത്തുകളിലെ വ്യാഖ്യാനവും മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തു ഏറെ ശ്രദ്ധ നേടിയ വായന പദ്ധതിയായ 'ദ ബൈബിള്‍ ഇന്‍ എ ഇയര്‍' പുതിയ തലങ്ങളിലേക്ക്. ദൈവവചന വായനയും വ്യാഖ്യാനവും കുട്ടികളിലേക്ക് എത്തിക്കുവാന്‍ 'അസെന്‍ഷന്‍ ടീം' ഒരുങ്ങുകയാണ്. കുട്ടികള്‍ക്കു മാത്രമായി 'ബൈബിള്‍ ഇന്‍ എ ഇയര്‍' പോഡ്കാസ്റ്റിന്റെ പുതിയ പതിപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് തങ്ങളെന്ന് അസെന്‍ഷന്‍ വ്യക്തമാക്കി.
2027 ജനുവരി 1-ന് ആരംഭിക്കുന്ന 'ദ ബൈബിള്‍ ഇന്‍ എ ഇയര്‍: ഫാമിലി എഡിഷന്‍' പോഡ്കാസ്റ്റിന് അമേരിക്കന്‍ വൈദികനായ ഫാ. ജോഷ് ജോണ്‍സണ്‍ നേതൃത്വം നല്‍കും. 7 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായാണ് ആകര്‍ഷകവും പ്രായത്തിനനുസൃതവും കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചതുമായ രീതിയില്‍ വിശുദ്ധ ലിഖിതങ്ങളിലൂടെ രക്ഷാകര ചരിത്രം വിവരിക്കുക. തിരുവചന വായന, കുട്ടികളുടെ പ്രായത്തിനനുസരിച്ചു വചന വ്യാഖ്യാനവും ചിന്തകളുമായി ഫാ. ജോഷ് ജോണ്‍സണ്‍ നല്‍കുന്ന സന്ദേശം, കുട്ടികളുടെ ബൈബിള്‍ സംബന്ധമായ സാധാരണ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍, പ്രാര്‍ത്ഥന എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഓരോ എപ്പിസോഡും.
ദൈവവചനത്തില്‍ ആഴപ്പെടുവാനും വിശ്വാസ രഹസ്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുവാനും ലളിതവും അര്‍ത്ഥവത്തായതുമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് 'അസെന്‍ഷന്‍' പോഡ്കാസ്റ്റിനായി പ്രവര്‍ത്തനനിരതമായിരിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കിയ 'ദ ബൈബിള്‍ ഇന്‍ എ ഇയര്‍' സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്സാണ് നയിച്ചത്. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച മലയാളം പതിപ്പും വന്‍ വിജയമായിരിന്നു.