ഛത്തീസ്ഡില്‍ രണ്ടു കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തപ്പോള്‍ ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ഛത്തീസ്ഡില്‍ രണ്ടു കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റുചെയ്തപ്പോള്‍ ഭാരതാംബയുടെ ആത്മാവിനാണ് മുറിവേറ്റതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
ഛത്തീസ്ഘട്ടില്‍ മതപരിവര്‍ത്തനം ആരോപിച്ച് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിവിധ സംഘടകളുടെ സഹകരണത്തോടുകൂടി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ സംഭവം ഭാരതജനതയെ ലജ്ജിപ്പിക്കുന്നതാണ്. ഭാരതം ഒരു മതേതര രാജ്യമാണ്. അതിന് അര്‍ത്ഥവത്തായ ഒരു ഭരണഘടനയുണ്ട്. ഛത്തീസ്ഘട്ടില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. സമാനമായ ധാരാളം സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.
വര്‍ധിച്ചുവരുന്ന വര്‍ഗീയതയും വിഭാഗീയ ചിന്തകളുംമൂലം ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനാറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ വികാരിയും ആര്‍ച്ചുപ്രീസ്റ്റുമായ റവ. ഡോ. കുര്യന്‍ താമരശേരി, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത്, രൂപതാ ജനറല്‍ സെക്രട്ടറി ജോസഫ് പട്ടാക്കളം, റെജി കൊച്ചുകരിപ്പാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.