വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനം ഒരുങ്ങുന്നു
ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭാരത ലിസ്യുവായ ഭരണങ്ങാനം ഒരുങ്ങുന്നു. 19 മുതല്‍ 28 വരെയാണ് തിരുനാള്‍. ലളിതവും ഭക്തിസാന്ദ്രവുമായി നടത്തുന്ന 10 ദിവസത്തെ തിരുനാളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ ഭരണങ്ങാനത്തെത്തും. തിരുനാള്‍ ദിവസങ്ങളില്‍ 300 വൈദികര്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
19നു രാവിലെ 11.15ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും കൊടിയേറ്റുകര്‍മത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 11.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30നും രാവിലെ 6.45നും 8.30നും 10നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
19ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദിയിലും 2.30ന് ഇംഗ്ലീഷിലും 25ന് ഉച്ചകഴിഞ്ഞ് 2.30ന് തമിഴിലും 3.30നു ഹിന്ദിയിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. രാത്രികളില്‍ ജാഗരണ പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളോടൊപ്പം ഭരണങ്ങാനം പ്രൊവിന്‍സിലെ ക്ലാരിസ്റ്റ് സിസ്റ്റര്‍മാര്‍, പാലാ അല്‍ഫോന്‍സാ പ്രോവിന്‍സിലെ ക്ലാരിസ്റ്റ് സിസ്റ്റര്‍മാര്‍, ഭരണങ്ങാനം സിഎസ്ടി ജനറലേറ്റിലെ സിസ്റ്റര്‍മാര്‍, കൂടാതെ ഷ്‌റൈനിലെ അല്‍ഫോന്‍ സാ വോളന്റിയര്‍മാരുടെ 120 കുടുംബങ്ങള്‍ എന്നിവര്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ക്ക് എത്തും.
പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 10.30ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അന്നേദിവസം രാവിലെ 8.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറ ങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ അഗസ്റ്റിന്‍ ചരണകുന്നേല്‍, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ രൂപതയില്‍നിന്നുള്ള 60ല്‍പ്പരം വൈദിക രും നിരവധി സമര്‍പ്പിതരും ഇടവക പ്രതിനിധികളും കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ രൂപതയില്‍നിന്നും വൈദിക പ്രതിനിധികളും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനെത്തും. മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസും ലത്തീന്‍ സഭയുടെ പ്രതിനിധിയായി കൊച്ചി ബിഷപ്പ് ഡോ. മാര്‍ ആന്റണി കാട്ടിപ്പറമ്പിലും തിരുനാളിന് എത്തും.