വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനം ഒരുങ്ങുന്നു
ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ഭാരത ലിസ്യുവായ ഭരണങ്ങാനം ഒരുങ്ങുന്നു. 19 മുതൽ 28 വരെയാണ് തിരുനാൾ. ലളിതവും ഭക്തിസാന്ദ്രവുമായി നടത്തുന്ന 10 ദിവസത്തെ തിരുനാളിൽ പങ്കെടുക്കുന്നതിനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനു തീർത്ഥാടകർ ഭരണങ്ങാനത്തെത്തും. തിരുനാൾ ദിവസങ്ങളിൽ 300 വൈദികർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.
19നു രാവിലെ 11.15ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. മാർ ജോസഫ് പള്ളിക്കാപറമ്പിലും കൊടിയേറ്റുകർമത്തിൽ പങ്കെടുക്കും. തുടർന്ന് 11.30ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും രാവിലെ 6.45നും 8.30നും 10നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും.
19ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദിയിലും 2.30ന് ഇംഗ്ലീഷിലും 25ന് ഉച്ചകഴിഞ്ഞ് 2.30ന് തമിഴിലും 3.30നു ഹിന്ദിയിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. രാത്രികളിൽ ജാഗരണ പ്രാർത്ഥനയ്ക്ക് വിശ്വാസികളോടൊപ്പം ഭരണങ്ങാനം പ്രൊവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റർമാർ, പാലാ അൽഫോൻസാ പ്രോവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റർമാർ, ഭരണങ്ങാനം സിഎസ്ടി ജനറലേറ്റിലെ സിസ്റ്റർമാർ, കൂടാതെ ഷ്റൈനിലെ അൽഫോൻ സാ വോളന്റിയർമാരുടെ 120 കുടുംബങ്ങൾ എന്നിവർ ജാഗരണ പ്രാർത്ഥനകൾക്ക് എത്തും.
പ്രധാന തിരുനാൾ ദിനമായ 28നു രാവിലെ 10.30ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. അന്നേദിവസം രാവിലെ 8.30ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസ് പുളിക്കൽ, മാർ അഗസ്റ്റിൻ ചരണകുന്നേൽ, മാർ ജേക്കബ് മുരിക്കൻ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തിൽ രൂപതയിൽനിന്നുള്ള 60ൽപ്പരം വൈദിക രും നിരവധി സമർപ്പിതരും ഇടവക പ്രതിനിധികളും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ രൂപതയിൽനിന്നും വൈദിക പ്രതിനിധികളും വിശുദ്ധ കുർബാന അർപ്പിക്കാനെത്തും. മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസും ലത്തീൻ സഭയുടെ പ്രതിനിധിയായി കൊച്ചി ബിഷപ്പ് ഡോ. മാർ ആൻ്റണി കാട്ടിപ്പറമ്പിലും തിരുനാളിന് എത്തും.